ഇന്റര്‍നെറ്റുവഴി ടെലികോം സേവനങ്ങള്‍ക്കു സമാനമായി ശബ്ദ- വീഡിയോ- ഡാറ്റാ സേവനങ്ങള്‍ ലഭ്യമാക്കുന്ന വാട്സ്ആപ്, സിഗ്നല്പോലുള്ള ഒടിടി സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോമുകളെ നിയന്ത്രണത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് ബില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. നിര്‍ദിഷ്ട ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം വാട്സാപ്, സിഗ്നല്‍, ഫെയ്സ്ടൈം, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരും.
സ്വകാര്യ ടെലികോം കമ്പനികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണിത്. ടെലികോം കമ്പനികള്‍ ലൈസന്‍സോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുമ്പോള്‍ വാട്സാപ്പിനും മറ്റും നിലവില്‍ ലൈസന്‍സ് വേണ്ട. പൊതുതാല്‍പ്പര്യ പ്രകാരമാണെങ്കില്‍ ലൈസന്‍സ്, രജിസ്ട്രേഷന് നിബന്ധന ഒഴിവാക്കാമെന്ന് കരട് ബില്ലില്‍ പറയുന്നുണ്ട്.
വാട്സാപ്പിലും മറ്റും സന്ദേശങ്ങള്‍ അയക്കുന്നയാളിനും ലഭിക്കുന്നയാളിനുംമാത്രം ലഭ്യമാകുന്ന എന്‍ക്രിപ്റ്റഡ് സംവിധാനമാണുള്ളത്. സന്ദേശങ്ങളും കോളുകളും കമ്പനികള്‍ സൂക്ഷിക്കാറില്ല. ബില്ലിലെ ചട്ടം 24 രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത, പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ക്ക് സന്ദേശങ്ങള്‍ പരിശോധിക്കുന്നതിന് അധികാരം നല്കുന്നു.