ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളുകളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സ്കൂളുകള്‍ക്കു പ്രവൃത്തിദിനമാക്കാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഓരോ ക്ലാസിലും ഒക്ടോബര്‍ രണ്ടിനു ബോധവത്കരണ ക്ലാസ് നടത്താനാണു നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും സ്കൂളുകളിലെത്തി ഈ ക്ലാസുകളില്‍ പങ്കെടുക്കണമെന്നു നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ സ്കൂളുകളിലെത്തി.
ക്രൈസ്തവര്‍ വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ആരാധനകള്‍ക്കും വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവയ്ക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പ്രസ്തുത നീക്കം അധ്യാപക സംഘടനകളുമായി ആലോചിക്കാതെയാണെന്നും പരാതിയുണ്ട്. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കേണ്ട ദിവസം സ്കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ശരിയായ നിലപാടല്ലെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ചൂണ്ടിക്കാട്ടി.
നേരത്തേയും പല ഞായറാഴ്ചകളും സ്കൂളുകളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പ്രവൃത്തിദിനമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ സമൂഹത്തിന്റെ വിവിധ മേലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.