പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷന് ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ശുപാര്‍ശ ചെയ്തു. നവംബര്‍ ഒന്നുമുതല്‍ ആണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കുക.
സൈന്യത്തിന്റെ സാധനങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചരക്ക് ഗതാഗതവും അധികൃതര്‍ തീരുമാനിക്കുന്ന മറ്റു സാഹചര്യങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യമില്ല.
ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയില്‍വേ ക്ലര്‍ക്കുമാരെ നേരിട്ട് ബന്ധപ്പെട്ട് വാഗണുകള്‍ ബുക്ക് ചെയ്യുന്ന പതിവ് അവസാനിക്കും. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പലപ്പോഴും രജിസ്ട്രേഷന് നടപടികള്‍ക്ക് എടുക്കുന്ന കാലതാമസം, തിരക്കേറിയ പലയിടത്തും ലോഡിങ് വൈകാന്‍ കാരണമാകുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനാവും.
പാര്‍ക്കിംഗ് ലോട്ട് ഓപ്പറേഷന്‍സ്, പാഴ്സല്‍ സ്പേസ്, കൊമേഴ്സ്യല്‍ പബ്ലിസിറ്റി തുടങ്ങിയ നോണ്‍-ഫെയര്‍ റവന്യൂ കരാറുകള്‍ക്ക് അപേക്ഷിക്കുന്നതിനും നല്കുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും അടുത്തിടെ റെയില്‍വേ മന്ത്രാലയം ഡിജിറ്റൈസ് ചെയ്തിരുന്നു.