യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ കിഴക്കന്‍ സമുദ്രമേഖലയിലായിരുന്നു പരീക്ഷണമെന്ന് ദക്ഷിണ കൊറിയ വെളിപ്പെടുത്തി. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കിടെ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്.
വ്യാഴാഴ്ചയാണ് കമലാ ഹാരിസ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സൂക് ഇയോളുമായി കമല ചര്‍ച്ച നടത്തുന്നുണ്ട്. ഉത്തരകൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അവര്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തും. അതിര്‍ത്തിയിലെ സന്ദര്‍ശനം ഉത്തരകൊറിയയെ പ്രകോപിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ദക്ഷിണ കൊറിയ യുഎസ് ബന്ധത്തിന്റെ കരുത്ത് പരിശോധിക്കുകയാണ് കമല ഹാരിസിന്റെ സന്ദര്‍ശനോദ്ദേശ്യം എന്നാണ് യുഎസ് വിശദീകരണം. ഉത്തരകൊറിയയുടെ ഭീഷണി നേരിടുന്നതില്‍ ദക്ഷിണ കൊറിയയ്ക്കൊപ്പം നിലകൊളളുകയെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നും യുഎസ് പറയുന്നു.
ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്ത് യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നാവികസേനാ കപ്പലുകള്‍ സംയുക്ത സൈനിക അഭ്യാസങ്ങളും നടത്തുന്നുണ്ട്. നാല് ദിവസത്തെ അഭ്യാസ പരിപാടി തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ആണവോര്‍ജ്ജ വിമാന വാഹിനി ഉള്‍പ്പെടെ അഭ്യാസ പരിപാടിയില്‍ യുഎസ് അണിനിരത്തിയിട്ടുമുണ്ട്.