Friday, January 31, 2025

ബഹ്‌റൈന്‍ സന്ദര്‍ശിക്കാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പാ

മുസ്ലീം ദ്വീപ് രാഷ്ട്രമായ ബഹ്റൈനിലേക്ക് നവംബര്‍ മൂന്നു മുതല്‍ ആറു വരെ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 15-ന് കസാക്കിസ്ഥാനില്‍ നിന്ന് മടങ്ങുന്ന വേളയില്‍ വിമാനത്തില്‍ വച്ച് മാര്‍പാപ്പയുടെ യാത്രാസാധ്യതയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരുന്നു. ‘ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യസഹവര്‍ത്തിത്വത്തിനായി’ എന്ന പരിപാടിക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അവാലിയിലും തലസ്ഥാന നഗരിയായ മനാമയിലും സന്ദര്‍ശനം നടത്തുമെന്ന് ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി സെപ്റ്റംബര്‍ 28-ന് സ്ഥിരീകരിച്ചു.

സൗദി അറേബ്യയുടെ കിഴക്കും ഖത്തറിന് പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ബഹ്റൈനില്‍ 1.7 ദശലക്ഷം ജനസംഖ്യയുണ്ട്. ജനസംഖ്യയില്‍ ഏകദേശം 70 % മുസ്ലീങ്ങളാണ്. ഭൂരിപക്ഷവും രാജ്യത്തിന്റെ സംസ്ഥാന മതമായ ഇസ്ലാമിന്റെ ഷിയ വിഭാഗത്തില്‍പെട്ടവരാണ്. ഇവിടെ ക്രൈസ്തവര്‍ ഏകദേശം 2,10,000-ഓളം ആളുകള്‍. അതായത് ആകെ ജനസംഖ്യയുടെ 14 % വരും. ഹിന്ദുക്കള്‍ 10 % മാത്രമാണ് ഇവിടെയുള്ളത്. ബഹ്റൈനില്‍ ഏകദേശം 80,000 കത്തോലിക്കര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവരില്‍ ഭൂരിഭാഗവും ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്.

മനാമയില്‍ നിന്ന് ഏകദേശം 12 മൈല്‍ അകലെയുള്ള ഒരു ചെറിയ മുനിസിപ്പാലിറ്റിയായ അവാലിയിലാണ് 2021 ഡിസംബര്‍ 10-ന് കൂദാശ ചെയ്യപ്പെട്ട ‘ഔവര്‍ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രല്‍ സ്ഥിതിചെയ്യുന്നത്. അവിടെയും പാപ്പാ സന്ദര്‍ശനം നടത്തും. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് രാജ്യം സന്ദര്‍ശിച്ച മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പാ. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2019 ഫെബ്രുവരി 3 മുതല്‍ 5 വരെ തീയതികളില്‍ പാപ്പ യുഎഇ സന്ദര്‍ശിച്ചിരുന്നു.

കൂടുതല്‍ വിശദാംശങ്ങളും മുഴുവന്‍ യാത്രാ ഷെഡ്യൂളും പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

 

Latest News