Saturday, February 1, 2025

സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും

സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും. ഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന നടക്കുന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക. പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ഡിസംബറില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചിരുന്നു. 9 മാസത്തിന് ശേഷമാണ് ജനറല്‍ റാവത്തിന് പകരക്കാരനെ കേന്ദ്രം നിയമിക്കുന്നത്. സൈനികകാര്യ സെക്രട്ടറി പദവിയും ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും. അഗ്‌നിപഥ് പദ്ധതി നടപ്പാക്കല്‍, ഇന്ത്യ – ചൈന അതിര്‍ത്തിയിലെ കമാണ്ടര്‍തല ചര്‍ച്ചകള്‍ എന്നിവ പുരോഗമിക്കുന്നതിനിടയിലാണ് നിയമനം.

കിഴക്കന്‍ സൈനിക കമാന്‍ഡ് മേധാവിയായിരിക്കെ 2021 മെയിലാണ് ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. നാല്‍പത് വര്‍ഷത്തോളം നീണ്ട സൈനിക സേവനത്തിനിടെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1981ലാണ് ഉദ്യോഗസ്ഥനായി സൈന്യത്തില്‍ ചേര്‍ന്നത്. മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനമടക്കമുള്ള നിര്‍ണായക പദവികളും വഹിച്ചിട്ടുണ്ട്. ലഫ്. ജനറല്‍ പദവിയിലിരുന്ന് വിരമിച്ചവരെയും സംയുക്ത സൈനിക മേധാവിയായി നിയമിക്കാമെന്ന് കേന്ദ്രം ജൂണില്‍ ഉത്തരവിറക്കിയിരുന്നു.

 

Latest News