Tuesday, November 26, 2024

ടൂറിസ്റ്റ് വീസയുമായി വരുന്ന റഷ്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിന്‍ലന്‍ഡ്

റഷ്യയുമായുള്ള അതിര്‍ത്തിയില്‍നിന്നുള്ള യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുമെന്നു ഫിന്‍ലന്‍ഡ്. ടൂറിസ്റ്റ് വീസയുമായി ഫിന്‍ലന്‍ഡിലേക്കു വരുന്ന റഷ്യക്കാര്‍ക്കു ഫിന്‍ലന്‍ഡ് വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍നിന്നു ഫിന്‍ലന്‍ഡിലേക്കുള്ള വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു വിദേശകാര്യമന്ത്രി പെക്ക ഹാവിസ്‌തോ പറഞ്ഞു.

റഷ്യയില്‍നിന്നുള്ള സഞ്ചാരികളുടെ വരവ് ഫിന്‍ലന്‍ഡിന്റെ രാജ്യാന്തരബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്‌നുമായി കൂടിയാലോചിച്ച ശേഷമാണു നടപടിയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

പിടിച്ചെടുത്ത യുക്രെയ്ന്‍ മേഖലകളില്‍ റഷ്യ ഹിതപരിശോധന നടത്തിയതും നോര്‍ഡ് സ്ട്രീം പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയും തീരുമാനത്തിലേക്കു നയിച്ചെന്നും വിദേശകാര്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിനോദസഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തിയെങ്കിലും റഷ്യയില്‍നിന്നുള്ളവര്‍ക്കു ഫിന്‍ലന്‍ഡിലേക്കു വരാന്‍ തടസമില്ല. കുടുംബവിഷയങ്ങള്‍, വിദ്യാഭ്യാസം, ജോലി എന്നീ വിഭാഗങ്ങളിലുള്ള യാത്രയ്ക്കാണ് ഇളവു നല്‍കിയിരിക്കുന്നത്. ഫിന്‍ലന്‍ഡുമായി 1340 കിലോമീറ്റര്‍ അതിര്‍ത്തിയാണ് റഷ്യ പങ്കിടുന്നത്.

 

Latest News