Tuesday, November 26, 2024

പരസ്പര സ്‌നേഹത്താല്‍ പ്രതിസന്ധികളെ തരണം ചെയ്യുന്ന മാതൃകാ ദമ്പതികള്‍; ജീവിതത്തിലെ പുതിയ വെല്ലുവിളി നേരിടാന്‍ സുമനസുകളുടെ സഹായം തേടി രാജേഷും ഷാന്റിയും

ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി വിവാഹ ജീവിത്തിലേയ്ക്ക് പ്രവേശിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ സംഭവിച്ച ഒരു അപകടത്തിലാണ് രാജേഷിന്റെ നെഞ്ചു മുതല്‍ താഴേയ്ക്ക് തളര്‍ന്നു പോയത്. എങ്കിലും മനസ് മടുക്കാതെ പൂര്‍ണ്ണമായും കൈകള്‍ കൊണ്ടു നിയന്ത്രിക്കുന്ന ഓട്ടോ ഓടിച്ച് അദ്ദേഹം ജീവിതം തുടര്‍ന്നു. അതിനുള്ള പ്രചോദനവും പ്രോത്സാഹനവും നല്‍കിയത് ഭാര്യ ഷാന്റിയാണ്. ഇപ്പോഴിതാ അടുത്ത വെല്ലുവിളി രാജേഷിന്റേയും ഭാര്യ ഷാന്റിയുടേയും ജീവിതത്തിലേയ്ക്ക് എത്തിയിരിക്കുന്നു. രാജേഷിന്റെ രണ്ടു വൃക്കകളും തകരാറിലായി. ഈ അവസരത്തിലും ഷാന്റിയാണ് രാജേഷിന് പിന്തുണയും സഹായവും നല്‍കുന്നത്. ഡയാലിസിസിനും കിഡ്നി ട്രാന്‍സ്പ്ലാന്റേഷനുമായി ഈ കുടുംബത്തിന് നല്ലൊരു തുക ആവശ്യമാണ്. അതുകൊണ്ടു തന്നെ സുമനസുകളുടെ സഹായത്തിനായി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തുടര്‍ന്ന് വായിക്കുക.

‘അവരുടെ ജീവിതം ഒരു അനുഭവമാണ്. സഹായം നല്‍കുക എന്നതിലുപരി ആ ജീവിതം നല്‍കുന്ന ഒരു സന്ദേശമുണ്ട്. അതാണ് ലോകത്തോട് പറയേണ്ടതും ലോകം സ്വീകരിക്കേണ്ടതും’ – പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അഭിലാഷിന്റെ വാക്കുകളാണ് ഇടുക്കി പ്രകാശ് സ്വദേശിയായ രാജേഷിലേക്കും അദ്ദേഹത്തിന്റെ ഭാര്യ ഷാന്റിയിലേക്കും ലൈഫ് ഡേ ഓണ്‍ലൈനെ എത്തിച്ചത്. അതിനും മാത്രം എന്ത് പ്രത്യേകതകളാണ് സാധാരണക്കാരായ ഈ ആളുകള്‍ക്ക് എന്ന് ചോദിച്ചാല്‍, ഇവര്‍ വ്യത്യസ്തരാണ്.

ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു സംസ്‌കാരം ആര്‍ത്തുവളര്‍ന്ന് മൂല്യബോധമുള്ള തലമുറയുടെ നേര്‍ക്കാഴ്ചകള്‍ മറയ്ക്കുന്ന ഈ കാലഘട്ടത്തില്‍ രാജേഷും ഷാന്റിയും ജീവിതം കൊണ്ട് എഴുതുകയാണ് അവരുടെ പ്രണയകാവ്യം. കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ, നിഷ്‌കളങ്കതയുടെ, നിസ്വാര്‍ത്ഥതയുടെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച ഷാന്റിയുടെയും രാജേഷിനെയും ദാമ്പത്യജീവിതം ഏറെ വ്യത്യസ്തമാണ്. അനുഭവങ്ങളുടെയും കഷ്ടപ്പാടുകളുടെയും തീച്ചൂളയില്‍ ഉരുകുമ്പോഴും ജീവിതത്തെ പ്രത്യാശയോടെ കാണുന്ന ഈ ദമ്പതികളുടെ ജീവിതവഴികളിലൂടെ കടന്നുപോകാം.

രാജേഷിലേക്ക് എത്താന്‍ നിമിത്തമായ വാട്‌സാപ്പ് സന്ദേശം

എന്തിനെയും പോസിറ്റീവ് ആയി കാണുന്ന പ്രകൃതം. ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കാന്‍ തയ്യാറുള്ള, ചുറുചുറുക്കുള്ള കുട്ടി. അതിനൊപ്പം അസാമാന്യമായ ആത്മധൈര്യവും! ഹൈസ്‌കൂള്‍ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ രാജേഷ് സെബാസ്റ്റ്യന്‍ എന്ന പൂര്‍വ്വവിദ്യാര്‍ത്ഥിയെക്കുറിച്ച് സഹപാഠികള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് ഇതാണ്. പഠനശേഷം എല്ലാവരും പല വഴിക്കായി പിരിഞ്ഞെങ്കിലും ‘1989-92 സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പൂഞ്ഞാര്‍’ എന്ന വാട്‌സ് ആപ് ഗ്രൂപ്പില്‍ അവരില്‍ 32 പേര്‍ ഒരുമിച്ചുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് രാജേഷിനെക്കുറിച്ച് ഒരു വാര്‍ത്ത ഗ്രൂപ്പില്‍ എത്തുന്നത്. അതിന്റെ സത്യാവസ്ഥ തേടിച്ചെന്നപ്പോള്‍ കണ്ടതും മനസിലാക്കിയതും അസാധാരണമായ ഒരു അതിജീവനത്തിന്റെ സാക്ഷ്യമായിരുന്നു. ഒപ്പം സഹപാഠിയുടെ സഹനത്തിന്റെ സങ്കീര്‍ണതകളും അവരുടെ മനസുകളില്‍ പതിഞ്ഞു. തങ്ങളുടെ സഹപാഠി കടന്നുപോയ ജീവിതത്തിലെ കണ്ണീര്‍ വഴികള്‍ അവരേയും സങ്കടപ്പെടുത്തി.
വിധി മാറ്റിമറിച്ച ജീവിതം

പഠനശേഷം തിരികെ നാട്ടിലേക്കു മടങ്ങിയ രാജേഷ് സെബാസ്റ്റ്യന്‍, തടി കയറ്റുന്ന ജീപ്പ് ഓടിക്കുന്ന സമയം. ഇടുക്കിയിലെ, വലിയവാഹനങ്ങള്‍ കടന്നുചെല്ലാത്ത മലമുകളുകളില്‍നിന്നും മരം വെട്ടി ചെറിയ കഷണങ്ങളാക്കി ജീപ്പില്‍ മെയിന്‍ റോഡിലേക്ക് എത്തിക്കുക എന്നത് വലിയ ഒരു പണി തന്നെയാണ്. അദ്ധ്വാനിക്കാനുള്ള മനസും ആത്മധൈര്യവും കൈമുതലാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോയ കരുത്തനായ യുവാവായിരുന്നു രാജേഷ്. രാജേഷിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനായി ഷാന്റി എന്ന പെണ്‍കുട്ടിയും കടന്നുവന്നതോടു കൂടി അവരുടെ ജീവിതം കൂടുതല്‍ മധുരിതമായി.

വിവാഹം കഴിഞ്ഞു ഏകദേശം ഒരു മാസം കഴിഞ്ഞ സമയം. അപ്പോഴാണ് വിധി ഒരു അപകടത്തിന്റെ രൂപത്തില്‍ ഇവരുടെ കൊച്ചുജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. ഭാരം കയറ്റിയ ജീപ്പുമായി വരുന്നതിനിടയില്‍ ജീപ്പ് തെന്നിമാറി വലിയ അപകടം സംഭവിച്ചു. ഈ അപകടത്തില്‍ രാജേഷിന് നട്ടെല്ലിന് സാരമായ പരിക്കേറ്റു. പിന്നീടങ്ങോട്ട് ആശുപത്രികള്‍ കയറിയിറങ്ങിയുള്ള ജീവിതമായിരുന്നു ഇവരുടേത്. നട്ടെല്ലിന്റെ മൂന്നു കണ്ണികള്‍ മാറ്റിവച്ച് പകരം കമ്പിയിട്ടു.

എങ്കിലും നെഞ്ചിനു താഴേക്ക് പൂര്‍ണ്ണമായും തളര്‍ന്നുപോയിരുന്നു. വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും ‘എഴുന്നേല്‍ക്കാനെങ്കിലും സാധിക്കണം’ എന്ന ആഗ്രഹത്തിന്റെ പിന്‍ബലത്തില്‍ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് അവര്‍ സഞ്ചരിച്ചു. രാജേഷിനെ നടത്താന്‍ കഴിയുമെന്നു പറഞ്ഞു പലരും വന്നു. പലയിടങ്ങളിലായി ചികിത്സകള്‍ നടത്തി. കയ്യിലിരുന്ന പണം തീര്‍ന്നു എന്നതു മാത്രമായിരുന്നു ഫലം. രാജേഷ് കിടക്കയില്‍ തന്നെയായി. വര്‍ഷങ്ങള്‍ക്കിപ്പുറം ഷാന്റി ആ ദിനങ്ങളെ ഓര്‍ക്കുകയാണ്.

വിധിയെ അതിജീവിച്ച മനക്കരുത്ത്

അപകടശേഷം നീണ്ട ഏഴു വര്‍ഷങ്ങള്‍ മരുന്നും കിടപ്പുമായി കടന്നുപോയി. നിരാശയായിരുന്നു ആദ്യമൊക്കെ. പക്ഷേ, ഇങ്ങനെ കിടന്നാല്‍ ശരിയാകില്ല എന്ന ചിന്ത രാജേഷിനെയും ഷാന്റിയെയും നാളെയിലേക്ക് പുഞ്ചിരിയോടെ നോക്കാന്‍ പ്രേരിപ്പിച്ചു. തങ്ങള്‍ക്ക് തങ്ങള്‍ മാത്രമേയുള്ളൂ എന്ന ബോധ്യമാവാം അവര്‍ ഇരുവരും ജീവിതത്തോട് പൊരുതാന്‍ തീരുമാനിച്ചു. ഈ സമയത്താണ് ‘പാലിയേറ്റിവ് കെയറി’ന്റെ നേതൃത്വത്തില്‍ ക്യാമ്പുകളിലും മറ്റും പങ്കെടുക്കുന്നത്. അത്തരത്തിലുള്ള ഒരു ക്യാമ്പില്‍ വച്ചാണ് തമിഴ്‌നാട് സ്വദേശിയായ കറുപ്പുസ്വാമിയെ രാജേഷ് കാണുന്നത്. ഈ കാണല്‍ ഒരു വഴിത്തിരിവായി എന്നു പറയാം. രാജേഷിനെപ്പോലെ തന്നെ നട്ടെല്ലിന് പരിക്ക് പറ്റി അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയ വ്യക്തിയായിരുന്നു കറുപ്പുസ്വാമിയും. മറയൂരില്‍ നിന്നെത്തിയ കറുപ്പുസ്വാമി, കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുംവിധത്തില്‍ തന്റെ ഓട്ടോ സജ്ജമാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നു.

കറുപ്പുസ്വാമിയുടെ ജീവിതം രാജേഷിനെ സ്വാധീനിച്ചു. ഇനി എന്ത്, എങ്ങനെ എന്ന് സ്വയം ചോദിച്ച പല ചോദ്യങ്ങള്‍ക്കും രാജേഷ് ഉത്തരം കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിലൂടെ. വാഹനം പൂര്‍ണ്ണമായും കൈകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നത് കറുപ്പുസ്വാമി രാജേഷിനു കാണിച്ചുകൊടുത്തു. അങ്ങനെ രാജേഷ് ഒരു ഓട്ടോ വാങ്ങുകയും കറുപ്പുസ്വാമി പറഞ്ഞു കൊടുത്ത രീതിയില്‍ വാഹനം ഡിസൈന്‍ ചെയ്‌തെടുക്കുകയും ചെയ്തു.

ആദ്യമൊക്കെ അല്‍പം പ്രയാസമായിരുന്നു എങ്കിലും പിന്നീട് പുതിയ രീതിയിളുള്ള ഡ്രൈവിങ്ങിനോട് പൊരുത്തപ്പെട്ടു. ശരീരത്തിന്റെ പാതി തളര്‍ന്നു പോയ ഒരാള്‍ കൈകള്‍ കൊണ്ട് ഓട്ടോ ഓടിച്ചു ജീവിതം പുലര്‍ത്താന്‍ ആരംഭിച്ചു! സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയുമെന്ന വിശ്വാസം അവരുടെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷയുടെ കിരണങ്ങള്‍ വീശാന്‍ കാരണമായി. സ്വന്തമായി അദ്ധ്വാനിച്ച് ചികിത്സക്കും വീട്ടാവശ്യങ്ങള്‍ക്കുമുള്ള വരുമാനം കണ്ടെത്താന്‍ രാജേഷിനു കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളെ അതിജീവിക്കാനും ഈ വരുമാനത്തിലൂടെ ഈ കുടുംബത്തിനു കഴിഞ്ഞു.

നീണ്ട 16 വര്‍ഷം; രാജേഷിനു തുണയായി ഷാന്റിയും

രാജേഷിന് അപകടം സംഭവിക്കുന്നത് 2006-ലാണ്. വിവാഹം കഴിഞ്ഞിട്ട് അപ്പോള്‍ ഒരു മാസമേ ആയിരുന്നുള്ളു. ഏറെ പ്രതീക്ഷകളോടെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കടന്നുവന്ന ഷാന്റി എന്ന പെണ്‍കുട്ടിക്ക് അന്ന് വയസ് വെറും 27; രാജേഷിനു 32-ഉം. ചെറുപ്പത്തിന്റെ ചൂരും ചുറുചുറുക്കും എല്ലാം നഷ്ടപ്പെട്ടിട്ടും അരയ്ക്കു താഴേക്ക് തളര്‍ന്നുകിടക്കുന്ന ആ യുവാവിനെ ഉപേക്ഷിക്കാന്‍, എന്തിന് തള്ളിപ്പറയാന്‍ പോലും ഷാന്റി തയാറായില്ല. പിന്നീടങ്ങോട്ട് രാജേഷിന്റെ കൈകാലുകളായി, ജീവിതംതന്നെയായി മാറുകയായിരുന്നു ഷാന്റി. എന്തിനുമേതിനും ഷാന്റി തന്റെയൊപ്പം ഉള്ളപ്പോള്‍ തനിക്ക് ഒരു കുറവുള്ളതായി പോലും തോന്നുന്നില്ല എന്ന് രാജേഷ് പറയുന്നു.

രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി കിടക്കുന്നതു വരെ ഏതൊരു ആവശ്യത്തിനും ഷാന്റി കൂടെയുണ്ടാകും. വിളിച്ചാല്‍ വിളിപ്പുറത്താണ് തന്റെ ഭാര്യ. ആ ഭാര്യയുടെ കരുതലിനെ വെറും ഒരു സപ്പോര്‍ട്ട് എന്നു മാത്രം വിളിച്ച് ചെറുതാക്കാന്‍ രാജേഷിനും താല്പര്യമില്ല. ഒരുപക്ഷേ, തന്റെ നിഴലുപോലെ എപ്പോഴും കൂടെയുള്ള ഭാര്യയെ വിശേഷിപ്പിക്കാന്‍ പുതിയ വാക്കുകള്‍ക്കായുള്ള പരതലാകാം ഒരു നിമിഷം സംസാരത്തിനിടയില്‍ അയാള്‍ മൗനിയായി. ആ മൗനത്തില്‍ വാചാലമായത് സ്‌നേഹമായിരുന്നു.

2006 ആഗസ്റ്റ് 21-നായിരുന്നു രാജേഷിന്റെയും ഷാന്റിയുടെയും വിവാഹം. തങ്ങളുടെ പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഈ ദമ്പതികള്‍ക്ക് പറയാനുള്ളത് ‘ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്നാണ്. ആദ്യകാലങ്ങളില്‍ പിന്തുണയുമായി നിന്നവര്‍ പിന്നീട് പതിയെ അകന്നെങ്കിലും തന്റെ ജീവിതപങ്കാളിയെ ഷാന്റി നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി. തന്നെ സ്‌നേഹിച്ചു കൂടെ നില്‍ക്കുന്ന തന്റെ ജീവിതപങ്കാളിക്കായി, ‘ജോലിയൊന്നും ചെയ്യാന്‍ പാടില്ല’ എന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പോലും കാറ്റില്‍ പറത്തി രാജേഷ് ധീരതയോടെ മുന്നോട്ടുപോയി. ഷാന്റിയായിരുന്നു പ്രതിസന്ധികളിലും തളരാതെ രാജേഷിനെ പിടിച്ചുനിര്‍ത്തിയ ധൈര്യത്തിന്റെ കാതല്‍.

സംതൃപ്തി നിഴലിക്കുന്ന ജീവിതം

ജീവിതത്തില്‍ വിധി വേട്ടയാടിയപ്പോഴും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഇരുവരും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചു. ഒരുപക്ഷേ, മാനുഷികമായ കാഴ്ചയില്‍ വല്ലാത്തൊരു സഹനമായി പോയി എന്ന് പരിതപിക്കുന്നവര്‍ക്കു മുന്നില്‍ അവര്‍ പുഞ്ചിരിയോടെ ജീവിച്ചു. ‘ചേട്ടന് നല്ല ധൈര്യമുണ്ട്, ഞങ്ങള് സന്തോഷമായി മുന്നോട്ടു പോകുന്നു’ എന്ന വാക്കുകളില്‍ ഷാന്റിയുടെ ആത്മവിശ്വാസവും ആത്മസമര്‍പ്പണവും കാണാം. ഒന്നും പ്രതീക്ഷിക്കാനില്ലാത്തിടത്തും ലൗകികമായ കാര്യങ്ങളെ പരിത്യജിക്കുന്ന സ്വര്‍ഗ്ഗീയമായ സ്‌നേഹം അവര്‍ക്കിടയില്‍ ഒരു വസന്തകാലം സൃഷ്ടിക്കുകയായിരുന്നിരിക്കാം. തങ്ങളുടെ ജീവിതം സന്തോഷമാണ് എന്നതല്ലാതെ കുറവുകളോ, ബുദ്ധിമുട്ടുകളോ തങ്ങളുടെ അവസ്ഥയിലുള്ള നിരാശയോ ഒന്നും ഇരുവരുടെയും വാക്കുകളില്‍ കണ്ടില്ല. വലിയ ഒരു പ്രതീക്ഷയായിരുന്നു അവരുടെ വാക്കുകളില്‍ നിറഞ്ഞിരുന്നത്.

ഈ അടുത്ത കാലം വരെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയ രാജേഷിന്റെ ഇരു കിഡ്‌നികളും തകരാറിലാകുന്നത് ആറു മാസം മുന്‍പാണ് . അതോടെ കാര്യങ്ങള്‍ വീണ്ടും പ്രയാസത്തിലായി. ഡയാലിസിസ് കഴിഞ്ഞുണ്ടാകുന്ന ക്ഷീണവും ചര്‍ദ്ദിയും മറ്റും പലപ്പോഴും ജോലിക്കു പോകാന്‍ കഴിയാത്ത ഒരു ആരോഗ്യസ്ഥിതിയിലേക്കും അവസ്ഥയിലേക്കും രാജേഷിനെ നയിച്ചു. എങ്കിലും ആ ക്ഷീണത്തെ അതിജീവിച്ച് പതിയെ തന്റെ ഓട്ടോയെടുക്കുകയാണ് രാജേഷ്. ‘കാര്യങ്ങളൊക്കെ നടക്കണ്ടേ. അടങ്ങിയിരിക്കാന്‍ പറ്റില്ലല്ലോ’ ചിരിയോടെ രാജേഷ് പറയുമ്പോള്‍ അടുത്തു തന്നെയായി ഷാന്റിയും ഉണ്ടായിരുന്നു. കൃത്യമായ വിവരങ്ങളും മറ്റും പറഞ്ഞുകൊടുത്തു കൊണ്ട് തൊട്ടടുത്ത മുറിയില്‍ ഇരിക്കുകയാണ് ഷാന്റി. ആ ഒരു അകലത്തിനു കാരണം കോവിഡ് ആയിരുന്നു. ഇനിയുള്ള കാര്യങ്ങളെല്ലാം ദൈവം ആഗ്രഹിക്കുന്നതു പോലെ നടക്കട്ടെ എന്നാണ് ഇരുവരും പ്രാര്‍ത്ഥിക്കുന്നത്.

കൈകോര്‍ക്കാം ഈ എളിയവര്‍ക്കായി

രാജേഷും ഷാന്റിയും. അവരുടെ ജീവിതം ഇന്നത്തെ ലോകത്തിന് ഒരു മാതൃകയാണ്. പ്രതിസന്ധികളെ തരണം ചെയ്യുന്ന ആത്മവിശ്വാസത്തിന്റെ മാതൃക. പരിശുദ്ധമായ ഒരു സ്‌നേഹത്തിന്റെ മാതൃക. ഈ മാതൃക ഇനിയും ലോകത്തിനു മുന്നില്‍ പുലര്‍ത്തേണ്ടത് ആവശ്യമാണ്. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, കിഡ്നി ട്രാന്‍സ്പ്ലാന്റഷന് വിധേയനായാല്‍, നിലവില്‍ മുന്നോട്ടു പോകുന്നത് പോലെ രാജേഷിന് ജോലിക്കു പോകാവുന്ന ഒരു ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ കഴിയും. ഇല്ലെങ്കില്‍ ഡയാലിസിസുമായി ജീവിതം മുന്നോട്ടു പോകേണ്ടിവരും. രണ്ടു ദിവസം കൂടുമ്പോഴാണ് ഡയാലിസിസ് നടത്തേണ്ടത്. പക്ഷേ, സാമ്പത്തികമായ ഞെരുക്കം മൂലം അതിനു സാധിക്കുന്നില്ല.

നിലവിലെ ആരോഗ്യസ്ഥിതിയനുസരിച്ചു കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യുന്നതിന് കുഴപ്പമില്ല. പക്ഷേ, അതിന് വലിയ ഒരു തുക ആവശ്യമായി വരും. രാജേഷിനെയും ഷാന്റിയെയും സംബന്ധിച്ചിടത്തോളം അത്ര ഭീമമായ ഒരു തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ്. നെഞ്ചു മുതല്‍ താഴേയ്ക്ക് തളര്‍ന്ന, രണ്ടു കിഡ്‌നികളും തകരാറിലായ രാജേഷിനും ഭാര്യയ്ക്കും ഈ തുക കണ്ടെത്താന്‍ സുമനസുകളുടെ സഹായം ആവശ്യമാണ്. അതിനാല്‍ കരുണ വറ്റിയിട്ടില്ലാത്തവര്‍ക്ക് സഹായങ്ങളുമായി ഈ കുടുംബത്തിന് കരുതല്‍ നല്‍കാം. നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ ഇവരുടെ ജീവിതത്തിനു നിറം പകരട്ടെ.

ഇവരുടെ ബാങ്ക് ഡീറ്റെയില്‍സ് ചേര്‍ക്കുന്നു:

Rajesh Sebastian
Kidangathu karottu
Union Bank of India
Thankamany
A/c No 427702010013746
IFSC Code : UBl No 5427 76

മരിയ ജോസ്

 

Latest News