യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് ഒപ്പുവെച്ചു. നാല് മേഖലകള്‍ക്കും പുതിയ തലവന്മാരെയും നിയമിച്ചു. അതേസമയം റഷ്യയുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കൂടുതല്‍ ഉപരോധവുമായി യുഎസും രംഗത്തെത്തി.
ഖേര്‍സണ്‍, സപറോഷിയ ഡോണ്ടെസ്ക്, ലുഹാന്‍സ്ക് എന്നീ മേഖലകളാണ് ഔദ്യോഗികമായി റഷ്യയോടൊപ്പം ചേര്‍ത്തത്. ഇവിടുത്തുകാര്‍ ഇനി റഷ്യന്‍ പൗരന്മാരാണെന്ന് പുടിന് പ്രഖ്യാപിച്ചു. അതേസമയം നിലവിലുണ്ടായിരുന്ന ഉപരോധം കൂടുതല്‍ കടുപ്പിച്ചാണ് യുഎസ് റഷ്യന്‍ നീക്കത്തോട് പ്രതികരിച്ചത്. ആയിരത്തിലധികം റഷ്യന്‍ പൗരന്മാര്ക്കും സ്ഥാപനങ്ങള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.
റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും കുടുംബാംഗങ്ങളും, ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പുതിയതായി വിലക്ക് നേരിടുന്നവരില്‍ ഉള്‍പ്പെടും. റഷ്യന്‍ പ്രതിരോധ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരും വിലക്ക് നേരിടുന്നവരില്‍ ഉള്‍പ്പെടും.