Tuesday, November 26, 2024

നാല് പ്രവിശ്യകള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്ത പ്രഖ്യാപനത്തിന് പിന്നാലെ നാറ്റോ അംഗത്വം തേടി യുക്രെയ്ന്‍

യുക്രെയ്‌നിലെ നാല് പ്രദേശങ്ങള്‍ ഔദ്യോഗികമായി റഷ്യയുടെ ഭാഗമാക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സന്‍, സപൊറീഷ്യ എന്നീ പ്രദേശങ്ങളെ ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കിയതിന് പിന്നാലെയാണ് യുക്രെയ്‌ന്റെ നീക്കം.

വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടാണ് സെലന്‍സ്‌കി അഭ്യര്‍ഥന നടത്തിയത്. ‘നാറ്റോ സഖ്യത്തിന്റെ മാനദണ്ഡങ്ങളുമായി ഞങ്ങള്‍ പൊരുത്തപ്പെടുന്നുവെന്ന് ഇതിനകം തെളിയിച്ചതാണ്. നാറ്റോയില്‍ എത്രയും വേഗം അംഗത്വം നല്‍കുന്നതിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയാണ്,’ സെലെന്‍സ്‌കി പറഞ്ഞു.

മോസ്‌കോയില്‍ നടന്ന ഔപചാരിക ചടങ്ങിലാണ് യുക്രെയ്‌ന്റെ നാല് സുപ്രധാന പ്രവിശ്യകള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സുപ്രധാന പ്രഖ്യാപനം വന്നത്. നാറ്റോ അംഗത്വം നല്‍കുന്നതില്‍ വേഗത്തില്‍ തീരുമാനം വേണമെന്നാണ് സെലന്‍സ്‌കി ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യ ബലമായി പിടിച്ചെടുത്ത പ്രവിശ്യകളെ എത്രയും പെട്ടെന്ന് തിരികെ പിടിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

 

Latest News