സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 3 മണിക്ക് തലശ്ശേരിയില്‍.
2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്. ഓഗസ്റ്റില്‍ രോഗബാധയെ തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല കോടിയേരി ഒഴിയുകയായിരുന്നു.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980-82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17–ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19–ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.
1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006-11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ചു.
എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.