ഇംഗ്ലീഷ് പരീക്ഷയില്‍ കുടുങ്ങി നഴ്സിംഗ് ജോലി ചെയ്യാന്‍ കഴിയാതെ ബ്രിട്ടനില്‍ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വാതില്‍ തുറന്ന് ബ്രിട്ടന്. ബ്രിട്ടനിലുള്ള മലയാളി നേഴ്സ്മാര്‍ക്ക് ഇംഗ്ലീഷ് ടെസ്റ്റ് പാസാകാതെ തന്നെ അടുത്ത ജനുവരി മുതല്‍ നേഴ്സ് ആയി രെജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
യു കെ യിലെ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ (എന്‍എംസി) സെപ്റ്റംബര്‍ 28നു ചേര്‍ന്ന യോഗത്തിലാണ് അടിസ്ഥാനപരായ ഈ നയംമാറ്റ തീരുമാനം എടുത്തത്. ഇതിലൂടെ ഇന്ത്യയിലും (മറ്റു വിദേശ രാജ്യങ്ങളിലും) നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ വന്നിട്ടും നഴ്സിംഗ് രെജിസ്ട്രേഷന് ചെയ്യാന്‍ കഴിയാതെ കെയറര്‍ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്സിംഗ് പ്രഫഷനലുകള്‍ക്ക് നേഴ്സ് ആയി ജോലി ചെയ്യാനുള്ള അവസരമായി.
ഇതുവരെ ഉള്ള നിയമപ്രകാരം അന്താരാഷ്ട്ര നിലവാരമുള്ള ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ ബ്രിട്ടനില്‍ നഴ്സിംഗ് റെജിസ്ട്രേഷന് നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഉന്നത നിലവാരത്തിലുള്ള ഇത്തരം ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസാകാന്‍ കഴിയാത്തത് കൊണ്ട് മാത്രം ആയിരക്കണക്കിന് മലയാളികളടക്കമുള്ള വിദേശ നേഴ്സ്മാര് ബ്രിട്ടനില്‍ വന്നു നഴ്സിംഗ് കെയറര്‍ ആയി ജോലി ചെയ്തുവരുന്നുണ്ട്.
നഴ്സിംഗ് പഠനം ഇംഗ്ലീഷിലാണ് എന്നും, കൂടാതെ തങ്ങള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ബ്രിട്ടനിലെ സ്ഥാപനത്തില്‍ നിന്നും നഴ്സിംഗ് പ്രഫഷന് ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ട് എന്നുള്ള സര്‍ട്ടിഫിക്കറ്റും, അതോടൊപ്പം ബ്രിട്ടനിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടിയായാല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസാകാതെ തന്നെ നേഴ്സ് ആയി രെജിസ്ട്രേഷന് ചെയ്യാം എന്നാണ് പുതുതായി കൊണ്ടുവന്ന തീരുമാനം.
ഈ തീരുമാനത്തിലൂടെ ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ നേഴ്സ്മാര്‍ക്ക് ഇംഗ്ലീഷ് ടെസ്റ്റ് പാസാകാതെ തന്നെ നഴ്സിംഗ് രെജിസ്ട്രേഷന് നടത്താന്‍ കഴിയും. അടുത്ത വര്‍ഷം ജനുവരി മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും. കേരളത്തില്‍ നിന്ന് മാത്രം ഏകദേശം 25000 ല്‍ അധികം നേഴ്സ് മാര്‍ കെയറര്‍ ആയി ബ്രിട്ടനില്‍ ചെയ്തുവരുന്നുണ്ട് എന്നാണു ഔദ്യോഗികമല്ലാത്ത ഏകദേശ കണക്ക്. അവര്‍ക്കെല്ലാം സേവനം ചെയ്യാനുള്ള അവസരം അടുത്ത ജനുവരി മുതല്‍ ഉണ്ടാകും.