Sunday, November 24, 2024

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ജന്മനാടായ ക്രൈവി റിയില്‍ ഡ്രോണ്‍ ആക്രമണവുമായി റഷ്യ

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ജന്മനാടായ ക്രൈവി റിയില്‍ ഡ്രോണ്‍ ആക്രമണവുമായി റഷ്യ. റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ലൈമന്‍ യുക്രെയ്ന്‍ സൈന്യം പൂര്‍ണമായി തിരിച്ചുപിടിച്ചതിനു പിന്നാലെയാണു റഷ്യ ആക്രമണം കടുപ്പിച്ചത്. ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ഇറാനില്‍ നിര്‍മിച്ച ഡ്രോണുകളാണു റഷ്യ ആക്രമണത്തിന് ഉപയോഗിക്കുന്നത്.

ഗതാഗത-ചരക്കുവിതരണ കേന്ദ്രമായി റഷ്യ ഉപയോഗിച്ചിരുന്ന നഗരമാണു യുക്രെയ്ന്‍ തിരിച്ചുപിടിച്ച ലൈമന്‍. യുക്രെയ്‌നിലെ നാലു മേഖലകള്‍ റഷ്യ അനധികൃതമായി ഫെഡറേഷനോടു കൂട്ടിച്ചേര്‍ക്കുകയും ആണവ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുക്രെയ്ന്റെ സമീപകാല നേട്ടങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. രാജ്യത്തിനകത്തുനിന്നു പുടിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്.

ലൈമന്റെ നിയന്ത്രണം പൂര്‍ണമായി തിരിച്ചുപിടിച്ചെന്നു പ്രസിഡന്റ് സെലന്‍സ്‌കി ഇന്നലെ പ്രഖ്യാപിച്ചു. റഷ്യന്‍ സൈന്യം കഴിഞ്ഞദിവസംതന്നെ ഈ നഗരത്തില്‍നിന്നു പിന്മാറിയിരുന്നു. ദക്ഷിണ യുക്രെയ്‌നില്‍ റഷ്യ ആക്രമണത്തിന് ഉപയോഗിക്കുന്ന അഞ്ചു ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടു. മറ്റു രണ്ടു ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

Latest News