Monday, November 25, 2024

ഇന്ത്യയുടെ അഭിമാനം: മംഗള്‍യാന്‍ വിടവാങ്ങുന്നു

ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയാക്കി വിടവാങ്ങുന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായിരുന്നു ഇത്. ആറുമാസത്തെ കാലാവധി പ്രതീക്ഷിച്ച് 2013 നവമ്പര്‍ 5ന് വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ സേവനം എട്ടുവര്‍ഷത്തോളം ലഭ്യമായി എന്നാണ് ലഭ്യമാകുന്ന വിവരം.

ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച മംഗള്‍യാന്‍
2014 സെപ്റ്റംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ ചൊവ്വാദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഒപ്പം
ആദ്യ തവണ തന്നെ വിജയിക്കുന്ന ചൊവ്വാ ദൗത്യം, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ദൗത്യം, വിജയകരമായി പൂര്‍ത്തിയായ ആദ്യ ഏഷ്യന്‍ ചൊവ്വാ ദൗത്യം എന്നി നേട്ടങ്ങള്‍ ഇന്ത്യക്ക് മംഗള്‍യാന്‍ സമ്മാനിച്ചു.

പി.എസ്.എല്‍.വി.യുടെ പരിഷ്‌കൃത രൂപമായ പി.എസ്.എല്‍.വി.-എക്‌സ്.എല്‍ ആണ് മംഗള്‍യാന്‍ വിക്ഷേപണ വാഹനം. നിലവില്‍ ഇന്ധനം ഇല്ലെന്നും ബാറ്ററി തീര്‍ന്നു എന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. അടുത്തിടെ തുടര്‍ച്ചയായി ഗ്രഹണങ്ങളുണ്ടായതാണ് ഇതിനു കാരണം.

എന്നാല്‍ പൂര്‍ണ്ണമായും ദൗത്യം നഷ്ടമായോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഐഎസ്ആര്‍ഒ നടത്തിയിട്ടില്ല.

മംഗള്‍യാന്‍ അതിന്റെ ദൗത്യം കൃത്യമായിചെയ്യുകയും കാര്യമായ ശാസ്ത്രീയഫലങ്ങള്‍ നല്‍കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Latest News