ഒക്ടോബര്‍ ഒന്നിന്, ഉഗാണ്ടയുടെയും കോംഗോയുടെയും ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) -ന്റെ തീവ്രവാദികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രദേശമായ ഇറ്റൂരിയിലെ കിമാത ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പതിനാലു പേര് കൊല്ലപ്പെടുകയും രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തതായി സംശയിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദികള്‍ ഗ്രാമത്തിന് തീയിട്ടു. ഗ്രാമവാസികളുടെ വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും നശിപ്പിച്ചു.
അതിര്‍ത്തിക്കപ്പുറത്തുള്ള എഡിഎഫ് നുഴഞ്ഞുകയറ്റം മൂലം അടിക്കടി ആക്രമണങ്ങള്‍ നേരിടുന്ന ഉഗാണ്ടയ്ക്കൊപ്പം ഡിആര്‍സി 2021 നവംബറില്‍ എഡിഎഫ് തീവ്രവാദികള്‍ക്കെതിരെ സംയുക്ത സൈനിക സംരംഭം ആരംഭിച്ചു. എങ്കിലും ഇപ്പോഴും ആക്രമണങ്ങള്‍ക്ക് യാതൊരു കുറവുമില്ല.