‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അതുകൊണ്ട് ഇനി മുതല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന ആശംസ നിര്‍ബന്ധമാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ കൂടാതെ സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും പുതിയ ഉത്തരവ് നിര്‍ബന്ധമായി ബാധകമായിരിക്കും. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ തങ്ങളെ കാണാനെത്തുന്നവരില്‍ അവബോധം സൃഷ്ടിക്കണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടന്‍ മഹാരാഷ്ട്ര മന്ത്രി സുധീര്‍ മുന്‍ഗന്തിവാറാണ് ഈ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഹലോ എന്ന പാശ്ചാത്യ വാക്കിന് പകരമായി ഉപയോഗിക്കാമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.