യുക്രെയ്‌നിലെ നാല് പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് റഷ്യ രംഗത്തെത്തിയ സാഹചര്യത്തില്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊലോഡിമര്‍ സെലെന്‍സ്‌കിയുമായി ടെലിഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പോരാട്ടം തുടരുന്ന സാഹചര്യത്തില്‍, യുക്രെയ്‌നിലെ ആണവ നിലയങ്ങളുടെ സുരക്ഷയില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സമാധാനത്തിനായുള്ള ഏത് പരിശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും അദ്ദേഹം യുക്രെയ്ന്‍ പ്രസിഡന്റിനെ അറിയിച്ചു.
നയതന്ത്ര പരിഹാരത്തിന്റെയും ചര്‍ച്ചകളുടെയും അനിവാര്യതയെ കുറിച്ച് പ്രധാനമന്ത്രി സെലെന്‍സ്‌കിയോട് സംസാരിച്ചു. നിലവിലെ പ്രശ്‌നത്തിന് യുദ്ധം ഒരു പരിഹാരമല്ല. ആണവ നിലയങ്ങളുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഭീകരവും ദൂരവ്യാപകവുമായിരിക്കുമെന്നും പ്രധാനമന്ത്രി യുക്രെയ്ന്‍ പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ മാസം ഷാംഗ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ അറിയിച്ചിരുന്നു. ഇത് യുദ്ധത്തിന്റെ കാലമല്ല. സമാധാനത്തിന്റെ പാതയില്‍ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും പ്രധാനമന്ത്രി പുടിനോട് അഭിപ്രായപ്പെട്ടിരുന്നു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യന്‍ നിലപാട് സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായും പുടിന്‍ വ്യക്തമാക്കിയിരുന്നു.