Tuesday, November 26, 2024

പുടിന്റെ മൊബിലൈസേഷന്‍ ഡ്രൈവ് പ്രഖ്യാപനം; രണ്ട് ലക്ഷത്തിലധികം പേര്‍ പുതുതായി സൈന്യത്തില്‍ ചേര്‍ന്നെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മൊബിലൈസേഷന്‍ ഡ്രൈവ് പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്നത്തെ കണക്ക് പ്രകാരം പുതുതായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു’. ഒരു ടെലിവിഷന്‍ മീറ്റിംഗിനിടെ ഷോയിഗു പറഞ്ഞു.

സൈന്യത്തിലേക്ക് പുതുതായി എത്തിയവര്‍ക്ക് 80 പരിശീലന ഗ്രൗണ്ടുകളിലും ആറ് പരിശീലന കേന്ദ്രങ്ങളിലുമായി ട്രെയിനിംഗ് നല്‍കുന്നുണ്ടെന്നും ഷോയിഗു കൂട്ടിച്ചേര്‍ത്തു. പുതുതായി റിക്രൂട്ട് ചെയ്യുന്നവരെ എത്രയും പെട്ടെന്ന് യുദ്ധത്തിന് സജ്ജരാകാന്‍ സഹായിക്കണമെന്ന് സൈനിക-നാവികസേന കമാന്‍ഡര്‍മാരോട് ഷോയ്ഗു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് യുദ്ധപരിചയമുള്ള ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശ പ്രകാരം കൂടുതല്‍ പരിശീലനം നടത്തണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം സൈനിക മൊബിലൈസേഷന്‍ ഡ്രൈവ് പ്രതിഷേധങ്ങള്‍ക്കും യുവാക്കളായ ആളുകള്‍ നിര്‍ബന്ധിത സൈനിക സേവനം ഭയന്ന് റഷ്യയില്‍ നിന്നും പലായനം ചെയ്യുന്നതിനും കാരണമായി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Latest News