Wednesday, November 27, 2024

ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് ഹൈക്കോടതി

പാലക്കാട് വടക്കഞ്ചേരിയില്‍ അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു.

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും.

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ലാഷ് ലൈറ്റുകളും ഹോണുകളും മറ്റ് ശബ്ദ സംവിധാനവും സംബന്ധിച്ച് നേരത്തെ തന്നെ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇത് ലംഘിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചത്. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Latest News