തായ്ലന്‍ഡിലെ വടക്കു കിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ കേന്ദ്രത്തിലും സമീപത്തും അക്രമി നടത്തിയ വെടിവയ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ അക്രമി നോങ്ബുവാ ലാംബുവിലെ ഡേ കെയറില്‍ നടത്തിയ വെടിവയ്പില്‍ 19 ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും രണ്ട് മുതിര്‍ന്നവരും കൊല്ലപ്പെട്ടു. രണ്ട് വയസുള്ള കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പുറത്തിറങ്ങി കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയും അക്രമി വെടിയുതിര്‍ത്തു. പലരേയും കാറിടിച്ചുവീഴ്ത്തി. വീട്ടിലെത്തി ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ അക്രമി ആത്മഹത്യ ചെയ്തു.
ഡേ കെയറിനു പുറത്ത് അക്രമിയും കുടുംബവും അടക്കം പതിമൂന്നുപേര്‍ കൊല്ലപ്പെട്ടു. വ്യാഴം പകല്‍ 12.30ന് ഡേ കെയറിലേക്ക് കടന്നുകയറിയ അക്രമി തോക്കിനു പുറമെ കത്തിയും ആക്രമിക്കാന്‍ ഉപയോഗിച്ചതായി മേജര്‍ ജനറല്‍ പെയ്സ ലൂയ്സോംബൂണ്‍ പറഞ്ഞു.
കഴിഞ്ഞ മാസം ബാങ്കോക്കിലെ ആര്‍മി വാര്‍ കോളേജിലെ ക്ലര്‍ക്ക് സഹപ്രര്‍ത്തകനെ അടക്കം രണ്ടുപേരെ വെടിവച്ച് കൊന്നിരുന്നു. 2020ല്‍ നാക്കോണ്‍ രാറ്റ്ച്ചസിമയിലെ മാളിനു സമീപം പട്ടാളക്കാരന്‍ 29 പേരെ വെടിവച്ച് കൊല്ലുകയും സുരക്ഷാ സേനയെ 16 മണിക്കൂര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.