സ്കൂള്‍ വിനോദയാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. എല്ലാ വിദ്യാലയങ്ങളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
രാത്രി ഒന്‍പതു മണി മുതല്‍ രാവിലെ ആറുമണി വരെയാണ് യാത്ര ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ കേരള ടൂറിസം വകുപ്പ് അംഗീകരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന 2020 മാര്‍ച്ച് 20 ലെ ഉത്തരവ് കര്‍ശനമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
കഴിഞ്ഞ ദിവസം പാലക്കാട് ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ ഒന്‍പതു പേരുടെ ജീവന് നഷ്ടമായിരുന്നു. അമിത വേഗതയായിരുന്നു അപകടകാരണം. ഇതിനെ തുടര്‍ന്നാണ് പൊതുവിദ്യാസ വകുപ്പ് രാത്രിയാത്ര ഒഴിവാക്കുന്നത് ഉള്‍പ്പടെ ഉള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.
അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ അറിവുണ്ടാകണം തുടങ്ങിയ കാര്യങ്ങളും മാര്ഗ്ഗനിര്ദേശത്തില് ഉള്‍പ്പെടുന്നു.