Monday, November 25, 2024

ഇനിയും നിശബ്ദത പാലിക്കാനാകില്ല; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ സ്ത്രീകള്‍ക്ക് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മഹ്സയുടെ മരണത്തിന് പിന്നാലെ പതിനായിരക്കിന് സ്ത്രീകളാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. മഹ്സയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇവര്‍ ഹിജാബുകള്‍ കത്തിക്കുകയും, മുടി മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക രംഗത്തെത്തിയത്.

ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക പിന്തുണ അറിയിച്ചുള്ള കുറിപ്പ് പങ്കുവച്ചത്. ‘ഇറാനിലെ സദാചാര പോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്സ അമിനിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ശബ്ദമുയര്‍ത്തുകയാണ്. പ്രതിഷേധസൂചകമായി അവര്‍ പരസ്യമായി മുടി മുറിക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ട ശബ്ദം ഒരു അഗ്‌നിപര്‍വ്വതം പോലെയാണ് പൊട്ടിത്തെറിക്കുന്നത്. അതിനെ ഒരിക്കലും നിയന്ത്രിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യത്തിലും, ഓരോരുത്തരും കാണിക്കുന്ന ഈ ധൈര്യത്തിലും ഞാന്‍ അത്ഭുതപ്പെടുകയാണ്. പുരുഷാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിങ്ങള്‍ ധൈര്യശാലികളായ സ്ത്രീകളാണ്.

ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കില്‍ നമ്മള്‍ തീര്‍ച്ചയായും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും, അവരോടൊപ്പം അണിചേരുകയും വേണം. ശബ്ദമുയര്‍ത്താന്‍ കഴിയുന്നവരെല്ലാം ഇവരോടൊപ്പം പങ്കുചേരുക. ഈ നിര്‍ണായക ഘട്ടത്തില്‍ നിങ്ങളുടെ ശബ്ദവും ചേര്‍ക്കുക. കാരണം ഇനിയും ഈ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ഒരിക്കലും സാധിക്കില്ല. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്’. പ്രിയങ്ക കുറിച്ചു.

 

 

 

Latest News