Tuesday, November 26, 2024

ഉയ്ഗര്‍ വിഷയം: യുഎന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ

ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതായുള്ള ആരോപണം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണോയെന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉയ്ഗര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായ ആരോപണം പാശ്ചാത്യ രാഷ്ട്രങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിവരികയാണ്.

പത്തുലക്ഷത്തിലധികം പേരെ അനധികൃത തടങ്കല്‍പ്പാളയങ്ങളില്‍ അടച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ഇത് ചൈന നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു വിഷയം ചര്‍ച്ച ചെയ്യാനുള്ള നീക്കം. അമേരിക്ക, യുകെ, ക്യാനഡ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളാണ് ചര്‍ച്ചയ്ക്കായി വാദിച്ചത്. എന്നാല്‍, 17 രാജ്യങ്ങള്‍ മാത്രമാണ് ചര്‍ച്ച നടത്തുന്നതിനെ അനുകൂലിച്ചത്. 19 രാജ്യങ്ങള്‍ എതിര്‍ത്തതോടെ നീക്കം പരാജയപ്പെട്ടു. യുക്രയ്ന്‍, ബ്രസീല്‍, മെക്‌സിക്കോ ഉള്‍പ്പെടെ 11 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്.

ഏതെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വോട്ടുചെയ്യേണ്ടെന്ന നിലപാടാണ് ഇന്ത്യ മുമ്പും സ്വീകരിച്ചിട്ടുള്ളതെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണോയെന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പില്‍നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.

Latest News