Monday, November 25, 2024

മത പരിവര്‍ത്തനം നടത്തിയ ദളിതര്‍ക്ക് പട്ടിക ജാതി സംവരണം; കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ മൂന്നംഗ കമ്മിറ്റി പഠിക്കും

മത പരിവര്‍ത്തനം നടത്തിയ ദളിതര്‍ക്ക് പട്ടിക ജാതി സംവരണം നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ മൂന്ന് അംഗ കമ്മീഷന്‍. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. യുജിസി അംഗമായ സുഷമ യാദവ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രവീന്ദര്‍ കുമാര്‍ ജെയ്ന്‍ എന്നിവാരണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ദളിതര്‍ക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം പൂര്‍ണമായി നല്‍കണമെന്ന ആവശ്യം പഠിക്കാന്‍ രണ്ട് വര്‍ഷം സമയമാണ് വിഷയത്തെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിക്ക് നല്‍കിയത്. പട്ടിക ജാതി ലിസ്റ്റിലേക്ക് ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്തവരെ ഉള്‍പ്പെടുത്താനാകുമോ എന്നാണ് കമ്മീഷന്‍ പ്രധാനമായും പഠിക്കുക.

ആചാരം, സാമൂഹ്യ-സംസ്‌കാരിക സ്ഥിതി, വിവേചനം, മത പരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടിക ജാതിയില്‍ സംവരണം നല്‍കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിഫലനം എന്നിവയും കമ്മിറ്റി പഠിക്കും. പുതിയ സമുദായങ്ങളെ ചേര്‍ക്കുന്നത് നിലവിലുള്ള പട്ടികജാതി വിഭാഗങ്ങളെ ബാധിക്കുമോ എന്നതും കമ്മീഷന്റെ പരിഗണനയിലുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ദളിത് വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യം തേടിയുള്ള ഹര്‍ജിയില്‍ നേരത്തെ കേന്ദ്രത്തിന്റെ നിലപാട് കോടതി തേടിയിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ മതക്കാരായ ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ക്രിസ്ത്യന്‍, മുസ്ലീം വിഭഗങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് ഇപ്പോള്‍ സംവരണത്തിന്റെ ആനുകൂല്യം നല്‍കാന്‍ വ്യവസ്ഥയില്ല.

 

 

Latest News