Monday, November 25, 2024

കഞ്ചാവ് ഉപയോഗിച്ചെന്ന് കരുതി ജയിലില്‍ കിടക്കേണ്ടതില്ല; ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് നല്‍കി ബൈഡന്‍

രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡന്‍ ഇത്തരമൊരു ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു.

നിലവില്‍ അമേരിക്കയില്‍ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.

‘ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസില്‍ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകള്‍ തിരുത്താനുള്ള സമയമാണിതെന്ന് ജോ ബൈഡന്‍ പറഞ്ഞു.

‘കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലോ കൈവശം വെച്ചതിന്റെ പേരിലോ മാത്രം ആരും ജയിലില്‍ കിടക്കേണ്ടതില്ല. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ട്. അവര്‍ക്കൊക്കെ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടാം. ഇതെല്ലാം ഒഴിവാക്കാനാണ് ഞാന്‍ ഇത്തരമൊരു തീരുമാനെടുത്തത്.’. ബൈഡന്‍ പ്രതികരിച്ചു.

 

Latest News