Monday, November 25, 2024

ക്രിമിയന്‍ പാലം സ്‌ഫോടനത്തില്‍ തകര്‍ന്നു; നിയമവിരുദ്ധമായതെല്ലാം തകര്‍ക്കപ്പെടുമെന്ന് റഷ്യയ്ക്ക് യുക്രൈന്റെ മുന്നറിയിപ്പ്

2014ല്‍ യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കുപ്രസിദ്ധ പാലത്തില്‍ ഉഗ്രസ്‌ഫോടനം. ഇന്നലെ രാവിലെ ആറിനുണ്ടായ സംഭവത്തില്‍ പാലത്തിന്റെ ഒരുഭാഗം അടര്‍ന്നുവീണു. യുക്രെയ്ന്‍ സേനയാണു സംഭവത്തിനു പിന്നിലെന്ന് അനുമാനിക്കപ്പെടുന്നു. പക്ഷേ, അവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഏപ്രിലില്‍ മോസ്‌ക്വാ യുദ്ധക്കപ്പല്‍ നഷ്ടപ്പെട്ടശേഷം യുക്രെയ്ന്‍ സേനയില്‍നിന്ന് റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ക്രിമിയന്‍ പാലത്തിന്റെ തകര്‍ച്ച. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചതായി റഷ്യ അറിയിച്ചു.

പാലത്തില്‍ എങ്ങനെ സ്‌ഫോടനമുണ്ടായി എന്നതില്‍ കൃത്യമായ വിശദീകരണമില്ല. ട്രക്ക് ബോംബ് ആയിരിക്കാമെന്നു സംശയിക്കുന്നു. പാലത്തിലൂടെ പോകുന്ന ട്രക്ക് പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ട്രക്കിനു സമീപമുണ്ടായിരുന്ന കാറില്‍ സഞ്ചരിച്ചിരുന്നവരാണു മരിച്ചത്. പാലത്തോടു ചേര്‍ന്നുള്ള റെയില്‍പാതയിലൂടെ എണ്ണയുമായി വരുകയായിരുന്ന ട്രെയിനിലേക്കും തീ പടര്‍ന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഉത്തരവു പ്രകാരം 2018ലാണ് പാലംപണി പൂര്‍ത്തിയാക്കിയത്. ക്രിമിയയില്‍ റഷ്യക്കുള്ള ആധിപത്യത്തിന്റെ പ്രതീകമായിരുന്നു ഈ പാലം. പുടിന്റെ എഴുപതാം ജന്മദിനത്തിന്റെ പിറ്റേന്നാണ് പാലം ആക്രമിക്കപ്പെട്ടിരിക്കുന്നത്.

യുക്രെയ്ന്‍ സേനയുടെ മുന്നേറ്റത്തില്‍ അധിനിവേശ പ്രദേശങ്ങളില്‍നിന്നു പിന്മാറിക്കൊണ്ടിരിക്കുന്ന റഷ്യന്‍ പട്ടാളത്തിനു മറ്റൊരു നാണക്കേടായി ഈ സംഭവം. യുക്രെയ്ന്റെ തീവ്രവാദസ്വഭാവമാണ് സംഭവത്തില്‍ വ്യക്തമാകുന്നതെന്നും ക്രിമിനല്‍ അന്വേഷണം ആരംഭിച്ചെന്നും റഷ്യ അറിയിച്ചു.

ക്രിമിയന്‍ പാലം ഒരു തുടക്കം മാത്രമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ വക്താവ് മിക്കെയ്ലോ പൊഡോള്‍യാക് പ്രതികരിച്ചു. നിയമവിരുദ്ധമായതെല്ലാം തകര്‍ക്കപ്പെടും. മോഷ്ടിച്ചവയെല്ലാം യുക്രെയ്ന്‍ തിരിച്ചുപിടിക്കും. അധിനിവേശ പ്രദേശങ്ങളില്‍നിന്ന് റഷ്യക്കാരെ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News