Monday, November 25, 2024

ഇറാനിലെ സർക്കാർ ചാനലിന് നേരെ സൈബർ ആക്രമണം

ഇറാനിലെ സർക്കാർ ചാനലിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഹാക്കർമാരുടെ ആക്രമണം. തസ്‌നിം ചാനലിൽ ശനിയാഴ്ച രാത്രി ഒൻപതിന് നടന്ന പരിപാടിക്കിടെയാണ് സൈബർ ആക്രമണം നടന്നത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചുറ്റും തീ പടരുന്ന ദൃശ്യം 15 സെക്കൻഡ് നേരം ആണ് പ്രക്ഷേപണം ചെയ്തത്.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് ഹാക്കർമാരുടെ ആക്രമണം നടന്നത്. ‘യുവാക്കളുടെ രക്തമാണ് നിങ്ങളുടെ കൈകളിൽ’, ‘ഞങ്ങൾക്കൊപ്പം അണിചേരൂ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിച്ചേർത്ത ഹാക്കർമാർ ഖമനയി രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു. ‘അദാലത്ത് അലി’ (അലിയുടെ നീതി) എന്നാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവർ അവകാശപ്പെട്ടത്.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെയും അതെ തുടർന്നുള്ള പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട മൂന്നു പെൺകുട്ടികളുടെയും ചിത്രങ്ങളും തുടർന്ന് പ്രദർശിപ്പിച്ചു. മഹ്സ അമിനിയുടെ (22) മരണത്തെ തുടർന്ന് കഴിഞ്ഞ മാസം 17 -ന് ആരംഭിച്ച പ്രക്ഷോഭം രാജ്യമെങ്ങും കത്തിപ്പടരുകയാണ്.

Latest News