ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലത്തിൽ നടത്തിയ ഉഗ്രസ്‌ഫോടനത്തിനു മറുപടിയുമായി റഷ്യ. സ്‌ഫോടനത്തിനു ശേഷം റഷ്യ ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെ സർക്കാർ സ്ഥാപനങ്ങളുള്ള ഷെവ്ചെങ്കോ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും ഇരുപത്തിനാലിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
സംഭവത്തെ തുടർന്ന് റഷ്യ തന്റെ രാജ്യത്തെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുകയാണെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. സാപൊറീഷ്യയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന ആളുകളെ റഷ്യ നശിപ്പിച്ചെന്നും ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെ കൊല്ലുകയാണെന്നും സെലെൻസ്കി വെളിപ്പെടുത്തി. ഉക്രെയ്‌നിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ എന്നിവിടങ്ങളിലും മധ്യ ഉക്രെയ്‌നിലെ ഡിനിപ്രോയിലും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റഷ്യ–ക്രിമിയ പ്രധാന പാതയിലെ പാലം തകർത്തത് ഭീകരാക്രമണമെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാട്. ഉക്രൈൻ നഗരമായ സാപൊറീഷ്യയിൽ റഷ്യ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 10 കുട്ടികൾ ഉൾപ്പെടെ 89 പേർക്കു പരുക്കേറ്റു. 20 വീടുകളും 50 അപ്പാർട്മെന്റുകളും തകർന്നു.