ഇറാനിൽ വനിതകൾ നേതൃത്വം നൽകുന്ന സർക്കാരിനെതിരെയുള്ള ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. നാലാം ആഴ്ചയിലേക്ക് കടന്ന പ്രക്ഷോഭത്തിനു പിന്തുണ നൽകുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണത്തിലും ക്രമാതീതമായ വർദ്ധനവാണ് ഉള്ളത്. സമരത്തിന് അയവു വരാത്ത സാഹചര്യത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ്, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സിനി എന്നിവരുമായി അടിയന്തര ചർച്ച നടത്തി.
രാജ്യസുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്താനുള്ള നടപടികളാണ് ചർച്ച ചെയ്തതെന്നു സർക്കാർ വ്യക്തമാക്കി. കുർദ് ഭൂരിപക്ഷമായ പടിഞ്ഞാറൻ നഗരങ്ങളിൽ ആണ് പ്രക്ഷോഭം കൂടുതൽ ശക്തം. സാനന്ദജ് നഗരത്തിൽ തിങ്കളാഴ്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് വെടിവച്ചതായി റിപ്പോർട്ടുണ്ട്. പ്രക്ഷോഭങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ഇന്റർനെറ്റ് വിഛേദിച്ചെങ്കിലും പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കഴിഞ്ഞ 16 -ന് മരിച്ചതിനു പിന്നാലെ രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്. അമിനിയുടെ മരണം മർദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടർന്നാണെന്നും ഫൊറൻസിക് റിപ്പോർട്ടുകളെ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കിയെങ്കിലും സമരക്കാർ പിന്മാറിയില്ല.