പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിയിൽ നടുക്കം രേഖപ്പെടുത്തി കേരള ഹൈക്കോടതി. സംസ്ഥാനം എവിടേക്കാണ് പോകുന്നതെന്നും ആധുനികതയ്ക്ക് പിറകേയുള്ള പാച്ചിലിൽ കേരളത്തിന് ദിശാബോധം നഷ്ടപ്പെട്ടു എന്നും ജനങ്ങൾ വിചിത്രമായാണ് പെരുമാറുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ബാർ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വെളിപ്പെടുത്തി. കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഇരയായി കൊല്ലപ്പെട്ടത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ട് പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിങ്ങിനും ഭാര്യ ലീലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സംഭവത്തിൽ ഭഗവൽ സിംഗ്, ഭാര്യ ലീല, ഏജന്റ് പെരുമ്പാവൂർ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശം. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.