കിഴക്കൻ ഡോൺബാസ് മേഖലയിലെ രണ്ട് പട്ടണങ്ങളിൽ റഷ്യൻ സൈന്യവും ഉക്രേനിയൻ സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തിപ്പെടുകയാണ്. ഇതിനിടയിൽ റഷ്യ ഉക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും ആക്രമണം നടത്തി. ഇന്ന് പുലർച്ചെയാണ് റഷ്യ ഡ്രോണുകൾ ഉപയോഗിച്ച് കീവിൽ വീണ്ടും ആക്രമണം നടത്തിയത്.
ഡോൺബാസിലും കെർസൺ പ്രവിശ്യയിലും ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും ഇരു സൈന്യവും പോരാട്ടം ശക്തമാക്കിയിരുന്നു. “ഡോൺബാസിലെ പ്രധാന ഹോട്ട്‌സ്‌പോട്ടുകൾ സോളഡാറും ബഖ്‌മുട്ടും ആണ്. ഇവിടെ പോരാട്ടം തീവ്രമായി നടക്കുകയാണ്,”- ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച രാത്രി വെളിപ്പെടുത്തിയിരുന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ ഇരട്ട വ്യാവസായിക നഗരങ്ങളായ ലിസിചാൻസ്ക്, സീവിയോറോഡൊനെറ്റ്സ്ക് എന്നിവ പിടിച്ചടക്കിയതിനുശേഷം ബഖ്മുത് റഷ്യയുടെ ലക്ഷ്യമായി മാറിയിരുന്നു. ബഖ്മുത്തിന്റെ വടക്ക് ഭാഗത്താണ് സോളേദാർ സ്ഥിതിചെയ്യുന്നത്. ഡൊനെറ്റ്‌സ്‌ക്, കെർസൺ, മൈക്കോലൈവ് മേഖലകളിൽ മുന്നേറാനുള്ള ഉക്രേനിയൻ സൈനികരുടെ ശ്രമങ്ങളെ തങ്ങളുടെ സൈന്യം പിന്തിരിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഉക്രൈനിലെ സൈനിക, ഊർജ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം തുടരുകയാണെന്ന് റഷ്യയും അറിയിച്ചു.