ജമ്മുകാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. ഇവർ ഉത്തർപ്രദേശിലെ കനൂജ് സ്വദേശികളാണെന്നാണ് വിവരം.
ഷോപിയാനിലെ താൽക്കാലിക ഷെഡിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികൾക്കു നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രനേഡെറിഞ്ഞ ഇമ്രാൻ ബഷീർ ഗനിയെന്ന ഭീകരനെ ഷോപിയാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൻറെ ഉത്തരവാദിത്വം ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എറ്റെടുത്തതായാണ് വിവരം.
ഒക്ടോബർ 15 നും സമാനസംഭവം ഷോപിയാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭീകരരുടെ അന്നത്തെ ആക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റാണ് വെടിയേറ്റു മരിച്ചത്.