തൊണ്ണൂറാമത് ഇൻറർപോൾ ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഇന്ത്യ. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഒക്ടോബർ 21 വരെയാണ് സമ്മേളനം.
നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇൻറർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യ വേദിയാകുന്നത്. 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വച്ച് സമ്മേളനം നടത്തണമെന്ന നിർദേശം വൻ ഭൂരിപക്ഷത്തോടെ ജനറൽ അസംബ്ലി അംഗീകരിക്കുകയായിരുന്നു. ഇതിന് മുമ്പ് 1997 -ലാണ് ഇൻറർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.
195 ഇന്റർപോൾ അംഗരാജ്യങ്ങളിലെ മന്ത്രിമാർ, പോലീസ് മേധാവികൾ, നാഷണൽ സെൻട്രൽ ബ്യൂറോ മേധാവികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് ജനറൽ അസംബ്ലിയിൽ പങ്കെടുക്കുക. ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ മികച്ച കീഴ്വഴക്കങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കും. സമ്മേളനത്തിൻറെ അവസാന ദിനമായ 21 – ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റയ്സി, സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്ടർ എന്നിവർ പങ്കെടുക്കും.
ആഗോള പോലിസ് ഏജൻസികളെ ഒരുമിപ്പിച്ച് പ്രവ്രത്തിപ്പിച്ചുകൊണ്ട് ലോകത്തെ സുരക്ഷിതമായ സ്ഥലമാക്കി മാറ്റുക എന്നതാണ് ഇൻർപോളിൻറെ ലക്ഷ്യം. ഇതിനായി കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും ആക്സസ് ചെയ്യാനും ഏജൻസികളെ ഓർഗനൈസേഷൻ പ്രാപ്തമാക്കുന്നു. ഫ്രാൻസിലെ ലിയോണിലാണ് ഇൻറർപോളിൻറെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.