Friday, January 31, 2025

മാണ്ഡ്യയിലെ സൂപ്പർ ഹീറോ ‘പോണ്ട് മാൻ’ യാത്രയാകുമ്പോൾ

ഔപചാരിക വിദ്യഭ്യാസം ഇല്ലെങ്കിലും ലോകത്തിലെ കോടാനുകോടി അഭ്യസ്തവിദ്യരെക്കാൾ മുന്നേ സഞ്ചരിച്ച ഒരു സാധു മനുഷ്യനുണ്ട്. കെരെ കാമെഗൗഡ. വരണ്ടുണങ്ങിയ ഒരു മലമ്പ്രദേശത്തെ ഇടതൂർന്ന മരങ്ങളുള്ള പച്ചപ്പാർന്ന വനഭൂമിയാക്കി മാറ്റിയതിന് പിന്നിൽ ഈ സാധു മനുഷ്യന്റെ അസാധാരണമായ നിരീക്ഷണവും അറിവും ആയിരുന്നു. പ്രകൃതി സംരക്ഷണത്തിനായുള്ള ഒറ്റയാൾ പോരാട്ടത്തിന്റെ ആൾരൂപമായിരുന്നു ‘കെരെ കാമെഗൗഡ’യെന്ന കാമെഗൗഡ. എൺപത്തിരണ്ടാം വയസിൽ കാമെഗൗഡ ഈ ലോകത്തിലെ തന്റെ ദൗത്യം നിശബ്ദമായി പൂർത്തിയാക്കി കടന്നു പോകുമ്പോൾ ഭാരതത്തിനു നഷ്ടമാകുന്നത് പകരം വയ്ക്കാനില്ലാത്ത നിസ്വാർത്ഥമായ ഒരു വ്യക്തിത്വം തന്നെയാണ്.

മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമനിവാസിയായ ആട്ടിടയനായിരുന്നു കാമെഗൗഡ. ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഈ സാധാരണക്കാരൻ ആട് വളർത്തലിലൂടെയാണ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. മാണ്ഡ്യയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമത്തിലെ കുൻദൂരു മലയായിരുന്നു കാമെഗൗഡയുടെ പ്രവർത്തനമണ്ഡലം. നാളുകൾക്കു മുൻപ് അതായത് നാൽപതു വർഷങ്ങൾക്കു മുൻപ് വരണ്ടു കിടക്കുന്ന ജലദൗർലഭ്യം രൂക്ഷമായ ഒരു മലബ്രദേശം. അതായിരുന്നു കുൻദൂരു മല. സസ്യസമ്പത്ത് വളരെക്കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. മഴ പെയ്താൽ വെള്ളം മലയിൽനിന്ന് താഴേക്ക് ഒഴുകിപ്പോവുകയോ ബാഷ്പീകരിച്ചുപോവുകയോ ചെയ്യും. ഇക്കാര്യം തിരിച്ചറിഞ്ഞ കാമെഗൗഡ മലയിൽ കുളങ്ങൾ നിർമ്മിച്ചുകൊണ്ട് വെള്ളത്തിന്റെ താഴേയ്ക്കുള്ള ഒഴുക്ക് തടയുവാൻ തീരുമാനിച്ചു.

ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ ആരും തന്നെ അദ്ദേഹത്തിന് പിന്തുണയോ സഹായമോ നൽകിയില്ല. എന്നാൽ ആരെയും ആശ്രയിക്കാതെ നിതാന്ത പരിശ്രമത്തിലൂടെ മുന്നേറുകയായിരുന്നു അദ്ദേഹം. നീണ്ട 42 വർഷങ്ങൾ. ആ വർഷങ്ങൾ കൊണ്ട് ഈ മലയോര പ്രദേശത്ത് കാമെഗൗഡ എന്ന ഒരാളുടെ പരിശ്രമം കൊണ്ട് മാത്രം രൂപം കൊണ്ടത് 16 കുളങ്ങളാണ്. കുളങ്ങൾ നിർമ്മിക്കുന്നതിനൊപ്പം മരങ്ങളും വച്ചുപിടിപ്പിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തി. അദ്ദേഹത്തിൻറെ പരിശ്രമങ്ങൾ ഒന്നും പാഴായില്ല. നീരുറവ വറ്റാത്ത ആ കുളങ്ങൾ ഇന്ന് അനേകം മനുഷ്യരുടെയും ജന്തു ജീവജാലങ്ങളുടെയും ദാഹം അകറ്റുകയാണ്. ഒപ്പം വരണ്ട ആ പ്രദേശം പച്ചപ്പ്‌ നിറഞ്ഞ ഒരു ഹരിത ഭൂമിയായി മാറി.

ഏതാണ്ട് 2000-ത്തിലധികം വൃക്ഷത്തൈകളാണ് ഈ പ്രകൃതി സ്‌നേഹി ആ മലയിൽ വച്ച് പിടിപ്പിച്ചത്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല. സ്വന്തം കാര്യം മാത്രം നോക്കി അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തി പോകാമായിരുന്ന ഈ മനുഷ്യൻ വ്യത്യസ്ത മാർഗ്ഗത്തിലൂടെയാണ് സഞ്ചരിച്ചത്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ പ്രകൃതിയോട് ചേർന്ന് നിന്നു. പ്രകൃതിയെ സ്നേഹിച്ചു. തന്റെ പ്രകൃതി സ്നേഹം വിളംബരം ചെയ്യുവാനും അദ്ദേഹം മുതിർന്നില്ല. എങ്കിലും പ്രവർത്തികൾ മാതൃകയായപ്പോൾ ആ നിസ്വാർത്ഥ മനുഷ്യ-പ്രകൃതി സ്നേഹിയെ തേടി ആളുകൾ എത്തി. ഒപ്പം നിരവധി പുരസ്കാരങ്ങളും. കർണാടക രാജ്യോത്സവ പുരസ്‌കാരം, ഡി. രമാഭായി ചാരിറ്റബിൾ ഫൗണ്ടേഷൻ പുരസ്‌കാരം, എം. ഗോപിനാഥ് ഷേണായി ചാരിറ്റബിൾ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി അനവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തി.

Latest News