എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ മന്ത്രിമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾക്ക് വ്യക്തത വരുത്തിയതോടെ ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലും പിന്നീട് ആശുപത്രിയിലും തുടർന്ന സമരം 18–ാം ദിവസം അവസാനിപ്പിച്ച് സമരവേദിയിൽ തിരിച്ചെത്തി. തുടർന്ന് തന്റെ മുടി മുറിച്ചു.
തൽക്കാലം സമരം അവസാനിപ്പിക്കുന്നു, പക്ഷേ പോരാട്ടം തുടരും. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്നാണു വിശ്വാസം. എയിംസ് അടക്കമുള്ള വിഷയങ്ങളിൽ അനുകൂല നിലപാടാണു പ്രതീക്ഷിക്കുന്നത്. കുറച്ചു ദിവസം കൂടി തലസ്ഥാനത്തു തുടരുമെന്നും എൺപത്തിരണ്ടുകാരിയായ ദയാബായി വ്യക്തമാക്കി.
മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും എൻഡോസൾഫാൻ സമരസമിതിയുമായി 16 ന് നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പിന്നീടു രേഖാമൂലം നൽകിയപ്പോൾ അട്ടിമറിക്കപ്പെട്ടതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ചർച്ചയിലെ ധാരണ പ്രകാരമുള്ള തിരുത്തലുകളോടെ രേഖയിൽ വ്യക്തത വരുത്തി. ഇതോടെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.