ഗൂഗിളിന് 1337 കോടി രൂപ പിഴചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ). ആൻഡ്രോയിഡ് മൊബൈലുകളിലെ മേൽക്കോയ്മ ചൂഷണം ചെയ്തതിനാണ് നടപടി. ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യതാല്പര്യത്തിനനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ഈടാക്കുന്നത്.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈൽ ആപ്പിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂളിൾ അവരുടെ ആപ്പുകളും നിർമ്മാണവേളയിൽ തന്നെ ഫോണുകളിൽ ഉൾപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായി സെർച്ച് ആപ്പ്, വിഡ്ജെറ്റ്, ക്രോം ബ്രൗസർ എന്നിവയെല്ലാം ആൻഡ്രോയിഡ് ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നു. ഇതിലൂടെ എതിരാളികളെക്കാൾ മത്സരാധിഷ്ഠിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയതായും കോംപിറ്റീഷൻ കമ്മീഷൻ ചൂണ്ടിക്കാട്ടി.
കൂടാതെ, ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അന്യായമായ ബിസിനസ് രീതികൾ അവസാനിപ്പിക്കണമെന്നും ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സമയബന്ധിതമായ മാറ്റം വരുത്തണമെന്നും കോംപിറ്റീഷൻ കമ്മീഷൻ ഗൂഗിളിനോട് നിർദേശിച്ചു.