Monday, April 21, 2025

മാസ്‌കും സാമൂഹിക അകലവും വേണ്ട! എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി ഈ രാജ്യം

കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയില്‍ നിന്ന് പല രാജ്യങ്ങളും മുക്തമാവുകയാണ്. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുകയാണ് ഓരോ രാജ്യവും. ഇതിനിടെ എല്ലാവിധത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെ.

പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോറാണ് ഇക്കാര്യം അറിയിച്ചത്. ഒരുവിധം നിയന്ത്രണങ്ങളെല്ലാം എടുത്ത് കളയുകയാണ്. കൊറോണ വൈറസ് മഹാമാരി ഇനി നമ്മുടെ ആരോഗ്യത്തിന് പ്രധാനഭീഷണിയല്ല. ഒമിക്രോണ്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും എല്ലാവരും വാക്സിനെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും മൂന്നടി സാമൂഹികാകലം പാലിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണവശാല്‍ രോഗം പിടിപെടുന്നവര്‍ നാല് ദിവസം മാത്രമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതെന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ പരിശോധനാഫലമോ ഇല്ലാതെ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഇനി നോര്‍വേയിലേക്ക് പ്രവേശിക്കാം.

എങ്കിലും മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും മാസ്‌ക് ഇപ്പോഴും ധരിക്കണമെന്ന നിര്‍ദേശം പിന്തുടരുന്നുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് 2021 ഡിസംബറിലാണ് നോര്‍വെ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായും നോര്‍വെ മാറി.

നോര്‍ത്തേണ്‍ ലൈറ്റ്‌സും പ്രകൃതിയുടെ അതുല്യ കാഴ്ചകളും ആസ്വദിക്കാനായി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ഇടമാണ് നോര്‍വെ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ സ്ഥിരമായി ഉള്‍പ്പെടുന്ന രാജ്യവുമാണ് നോര്‍വെ. മികച്ച ക്ഷേമപദ്ധതികളും പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗവും കെട്ടുറപ്പുള്ള സമ്പദ് വ്യവസ്ഥയുമെല്ലാം നോര്‍വെയെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുന്ന കാര്യങ്ങളാണ്. ആ സ്വര്‍ഗത്തില്‍ നിന്നാണ് തങ്ങളുടെ സന്തോഷത്തെ തട്ടി മാറ്റുന്ന കോവിഡ് നിയന്ത്രണങ്ങളെയും ഈ രാജ്യക്കാര്‍ ഇപ്പോള്‍ പുറന്തള്ളിയിരിക്കുന്നത്.

 

Latest News