ദീപാവലി പ്രമാണിച്ച് ഗുജറാത്തിൽ ഏഴു ദിവസം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ഈ ഓഫർ ഒക്ടോബര് 27 വരെയാണ് നിലനിൽക്കുന്നത്. ആഭ്യന്തരമന്ത്രി ഹർഷ് സംഘവി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെന്ന് സംഘവി അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയോ ഹെൽമെറ്റ് ഇല്ലാതെയോ ആരെയെങ്കിലും കണ്ടെത്തിയാൽ അവരിൽ നിന്ന് പോലീസ് പിഴ ഈടാക്കില്ല. പകരം അവർക്ക് പൂക്കൾ നൽകും. ഇതിനർഥം നിങ്ങൾ നിയമലംഘനങ്ങൾ നടത്തണമെന്നല്ല. എന്നാൽ, തെറ്റ് ചെയ്താൽ പിഴ ഈടാക്കില്ല’- ജനങ്ങളെ അഭിസംബോധന ചെയ്യവെ മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപ്രിയ നടപടിയെന്നാണ് സംഘവി ഇതിനെ വിശേഷിപ്പിച്ചത്. മന്ത്രിയുടെ പ്രഖ്യാപനത്തിന് സാമൂഹിക മാധ്യമങ്ങളിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനത്തെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി.