Monday, April 21, 2025

പ്രത്യേക തസ്തിക സൃഷ്ടിച്ച്, ഉയര്‍ന്ന ശമ്പള സ്‌കെയിലില്‍ ഗവര്‍ണറുടെ ഫോട്ടോഗ്രാഫര്‍ക്ക് സ്ഥിരനിയമനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫറെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ് ഭവനിലാണ് നിയമനം. പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാളെയാണ് സ്ഥിരപ്പെടുത്തിയത്. ഗവര്‍ണറുടെ ശുപാര്‍ശ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. 27,800-59,400 രൂപ ശമ്പള സ്‌കെയിലിലാണ് നിയമനം. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെയാണ് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.

ഏഴു ശതമാനം ഡിഎയും 10 ശതമാനം എച്ചആര്‍എയും ചേരുമ്പോള്‍ പ്രതിമാസം 32,526 രൂപ ശമ്പളം ലഭിക്കും. വര്‍ഷങ്ങളായി രാജ്ഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്നതിനാല്‍ ഫൊട്ടോഗ്രഫറെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഗവര്‍ണറുടെ ഓഫീസിന്റെ ശുപാര്‍ശ. ഗവര്‍ണറുടെ ഓഫീസില്‍ എത്തുന്ന അതിഥികളുടേയും ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടേയും ചിത്രം രാജ്ഭവനുവേണ്ടി എടുക്കാനാണ് ഫൊട്ടോഗ്രഫറെ നിയമിച്ചിരിക്കുന്നത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അഡീഷണല്‍ പിഎ ആയി ഇയാളെ നിയമിച്ചെങ്കിലും സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്‌വഴക്കം ഇല്ലെന്ന് സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചുകൊണ്ട് അതൃപ്തി രേഖപ്പെടുത്തി.

 

 

 

Latest News