വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സർക്കാരുകൾ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രസംഗം നടത്തുന്നയാളുടെ മതം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നടപടിയെടുക്കാതിരിക്കുന്നതു കോടതിയലക്ഷ്യമായി കാണുമെന്നും മുന്നറിയിപ്പു നൽകി.
ഡൽഹി, ഉത്തരാഖണ്ഡ്, യുപി സർക്കാരുകളോടു വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എടുത്ത നടപടി റിപ്പോർട്ടായി നൽകാൻ കോടതി നിർദേശിച്ചു. രാജ്യത്തെ മുസ്‌ലിം സമുദായത്തിനെതിരെയുള്ള വിദ്വേഷപ്രസംഗങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷഹീൻ അബ്ദുല്ല നൽകിയ ഹർജിയിലാണ് വിധി.
നമ്മുടെ രാജ്യം ജനാധിപത്യവും മതനിരപേക്ഷവുമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഹർജിയിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. എന്നാൽ, ഒരു സമുദായത്തിനെതിരായ പരാമർശങ്ങൾ മാത്രമാണു കോടതിയിൽ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ലക്ഷ്യംവയ്ക്കാനുള്ള സ്ഥാപനമായി സുപ്രീം കോടതിയെ കാണാനാകില്ല. ഇത്തരം പ്രസ്താവനകൾ ആര് നടത്തിയാലും അപലപനീയമാണെന്ന് ജസ്റ്റിസ് റോയ് പറഞ്ഞു.