ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള സാധ്യതയേറി. ഇതുവരെ 157 എംപിമാരുടെ പിന്തുണ റിഷി സുനക് ഉറപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ് 57 പേരുടെ മാത്രം പിന്തുണയാണ് ലഭിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതോടെ ആരാവും അടുത്ത പ്രധാനമന്ത്രി എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെ റിഷി സുനകും പെന്നി മോര്‍ഡൗന്‍ഡും മാത്രമാണ് മത്സരിക്കാന്‍ സാധ്യത. 100 എംപിമാരുടെ പിന്തുണയുളളവര്‍ക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് റിഷി സുനക്.
ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെയാണ് സുനക് അധികാരത്തിലെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45 ാം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജി. സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.
അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകള്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാര്‍ട്ടിയിലേയും കാബിനറ്റിലെയും പ്രമുഖര്‍ വിമര്‍ശിച്ചു. ധനമന്ത്രി ക്വാസി കോര്‍ട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ് ട്രസിനെതിരെ ആരോപണള്‍ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ വംശജയുമായ സുവല്ലെ വെര്‍മനും സ്ഥാനം ഒഴിഞ്ഞു. താന്‍ പോരാളിയെന്നും തോറ്റ് പിന്മാറില്ലെന്നുമായിരുന്നു അപ്പോള്‍ ലിസ് ട്രസിന്റെ പ്രതികരണം. വിമര്‍ശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം.