റഷ്യന്‍ അധിനിവേശ യുക്രേനിയന്‍ നഗരമായ കേഴ്‌സണ്‍ ഇപ്പോള്‍ അതീവ പിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവിടുത്തെ ആളുകള്‍ പറയുന്നു. ‘ആളുകള്‍ വൈകാരികമായി തളര്‍ന്നു. ഉച്ചകഴിഞ്ഞാല്‍ തെരുവുകള്‍ ശൂന്യമാണ്. കൂടാതെ റഷ്യന്‍ സൈനികര്‍ പലപ്പോഴും സിവിലിയന്‍ വസ്ത്രത്തില്‍ കാണപ്പെടുന്നു’.
സംഘര്‍ഷാവസ്ഥയും നഗരത്തിന് നേരെയുള്ള വന്‍ ഷെല്ലാക്രമണവും ഭീകരാക്രമണ ഭീഷണിയും കാരണം, എല്ലാ സിവിലിയന്മാരും ഉടന്‍ നഗരം വിട്ട് ഡിനിപ്രോയുടെ കിഴക്കന്‍ കരയിലേക്ക് കടക്കണമെന്ന് ഭരണകൂടം ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
‘നിര്‍ഭാഗ്യവശാല്‍, കെര്‍സണിലെ പല നിവാസികള്‍ക്കും നഗരം വിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നു. ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളും ആശങ്കകളും ഭയങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ആരും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്’. കേഴ്‌സണ്‍ നഗരത്തില്‍ നിന്നുള്ള ഒരു സ്ത്രീ പറയുന്നു. മാര്‍ച്ചില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം പതിനായിരക്കണക്കിന് നിവാസികള്‍ വിട്ടുപോയതോടെ കെര്‍സണ്‍ ഇപ്പോള്‍ ഒരു പ്രേത നഗരമായി മാറിയെന്ന് അവര്‍ പറഞ്ഞു. നഗരത്തിലെ അന്തരീക്ഷം സംഘര്‍ഷഭരിതമാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരങ്ങളില്‍ വലിയ കെട്ടിടങ്ങളില്‍ പോലും പരമാവധി രണ്ടോ മൂന്നോ ജനാലകളില്‍ മാത്രമാണ് വെളിച്ചം കാണുന്നത്. പകല്‍ സമയത്ത്, മിക്കവാറും മാര്‍ക്കറ്റിനടുത്ത് ആളുകളെ കാണാന്‍ കഴിയും. എന്നാല്‍ 3-4 മണിയോടെ തെരുവുകള്‍ ശൂന്യമാകും.
എന്നാല്‍ നഗരം വിട്ടു പോകാന്‍ തയാറാകാത്തവരും ഉണ്ട്. ”സത്യം പറഞ്ഞാല്‍, നഗരം വിട്ട് പോകാനുള്ള ആഹ്വാനം എന്നെ പ്രകോപിപ്പിക്കുന്നു. ഇത് എന്റെ ഭൂമിയാണ്, കെര്‍സണ്‍ എന്റെ വീടാണ്. യുദ്ധത്തിന്റെ ആദ്യ ദിനങ്ങള്‍ മുതല്‍ ഞങ്ങള്‍ അധിനിവേശക്കാര്‍ക്കെതിരായ റാലികളില്‍ പങ്കെടുത്തു. ഞങ്ങള്‍ കഴിയുന്നത്ര കഠിനമായി പോരാടി. ഈ സമരം ഇപ്പോഴും തുടരുകയാണ്’. മറ്റൊരു കേഴ്‌സണ്‍ നിവാസി പറഞ്ഞു. ‘ആളുകള്‍ വൈകാരികമായി തളര്‍ന്നിരിക്കുന്നു, ചിലര്‍ സൈന്യവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ വീട് വിട്ട് പോകാറില്ല. ഇവിടെ ജീവിക്കുന്നതും അസാധ്യമാണ്. വൈകുന്നേരങ്ങളില്‍, വീടിനടുത്തുകൂടെ ഒരു കാര്‍ പോകുന്നത് കേള്‍ക്കുമ്പോള്‍ പോലും ഞാന്‍ പരിഭ്രാന്തനാകാന്‍ തുടങ്ങും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൈത്യകാലത്ത് മതിയായ വൈദ്യുതിയും ചൂടും സംബന്ധിച്ച് ആളുകള്‍ ആശങ്കാകുലരാണെന്നും യുവതി പറഞ്ഞു. ‘വരാനിരിക്കുന്ന ശൈത്യകാലത്തെ എല്ലാവരും ഭയപ്പെടുന്നു. മെഡിക്കല്‍ സപ്ലൈകളും ബേബി ഫോര്‍മുലയും കുറവും ചെലവേറിയതുമാണ്. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നതെല്ലാം റഷ്യന്‍ ഫെഡറേഷനില്‍ നിന്നുള്ള മരുന്നാണ്. ആവശ്യമായ അടിസ്ഥാന ഭക്ഷണം ലഭ്യമാണെന്നതാണ് ഏക ആശ്വാസം’. അവര്‍ പറഞ്ഞു.
റഷ്യന്‍ പട്ടാളക്കാര്‍ പലരും ഇപ്പോള്‍ സിവിലിയന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് മെഷീന്‍ ഗണ്ണുമായി റോന്തു ചുറ്റുന്നത്. യുക്രേനിയന്‍ സേന ഇപ്പോഴും കെര്‍സണ്‍ നഗരത്തില്‍ നിന്ന് അകലെയാണെങ്കിലും പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കടന്നുകയറിയിട്ടുണ്ട്. യുക്രേനിയന്‍ മുന്നേറ്റത്തിനെതിരെ റഷ്യ മിസൈല്‍ ആക്രമണം നടത്തുന്നുമുണ്ട്.