Sunday, January 19, 2025

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് കെനിയയില്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ പാകിസ്ഥാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് (49) കെനിയയില്‍ വെടിയേറ്റ് മരിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വിറ്ററില്‍ കുറിച്ചു. ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റില്‍ ഷെരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാടുവിട്ട ഷെഹ്ബാസ് കെനിയയില്‍ അഭയം തേടി. സര്‍ക്കാരില്‍ നിന്നുള്ള ഉപദ്രവവും ജീവന് ഭീഷണിയും ആരോപിച്ച് ഓഗസ്റ്റില്‍ ദുബായിലേയ്ക്കും പിന്നീട് കെനിയയിലേക്ക് മാറുകയുമായിരുന്നു.

രാജ്യത്തെ ശക്തരായ സൈന്യത്തിനെതിരെ ഇമ്രാന്‍ ഖാനെ ഉയര്‍ത്തിക്കാട്ടാന്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി അഭിമുഖത്തില്‍ ഗില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അര്‍ഷാദ് ഷെരീഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതും അദ്ദേഹം രാജ്യം വിട്ടതും. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം. എആര്‍വൈ ടിവിയുടെ മുന്‍ റിപ്പോര്‍ട്ടറും ടിവി അവതാരകനുമായിരുന്നു അര്‍ഷാദ് ഷെരീഫ്. എന്നാല്‍ കേസിന് പിന്നാലെ ഇദ്ദേഹം സ്ഥാപനത്തില്‍ നിന്ന് രാജിവച്ചതായി എആര്‍വൈ നെറ്റ് വര്‍ക്ക് അറിയിച്ചു.

”എനിക്ക് ഇന്ന് സുഹൃത്തിനെയും ഭര്‍ത്താവിനെയും എന്റെ പ്രിയപ്പെട്ട പത്രപ്രവര്‍ത്തകനെയും നഷ്ടപ്പെട്ടു. അദ്ദേഹം കെനിയയില്‍ വെടിയേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു,” അദ്ദേഹത്തിന്റെ ഭാര്യ ട്വിറ്ററില്‍ കുറിച്ചു. ‘ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക, ഞങ്ങളുടെ കുടുംബ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളും പങ്കിടരുത്. പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കുക.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

കെനിയയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പാക് വിദേശകാര്യ വക്താവ് അസിം ഇഫ്തിഖര്‍ പറഞ്ഞു. 1973 ല്‍ തുറമുഖ നഗരമായ കറാച്ചിയില്‍ ജനിച്ച ഷെരീഫ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2019-ല്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി അദ്ദേഹത്തിന് ‘പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ്’ അവര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

‘ബിഹൈന്‍ഡ് ക്ലോസ്ഡ് ഡോര്‍സ്’ എന്ന ഡോക്യുമെന്ററി സിനിമയുടെ ട്രെയിലറിലാണ് അര്‍ഷാദ് ഷെരീഫിനെ അവസാനമായി കണ്ടത്. ‘അര്‍ഷാദ് ഷെരീഫിന്റെ മരണം പത്രപ്രവര്‍ത്തനത്തിനും പാകിസ്ഥാനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ നഷ്ടം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ,’ പ്രസിഡന്റ് അല്‍വി ട്വീറ്റില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നടുക്കം രേഖപ്പെടുത്തി. അര്‍ഷാദ് ഷെരീഫിന്റെ മരണത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവും ദുഃഖം രേഖപ്പെടുത്തി. കെനിയയിലെ പാകിസ്ഥാന്‍ പ്രതിനിധിയും എംബസി ഉദ്യോഗസ്ഥരും നെയ്റോബിയിലെ ചിറോമോ ഫ്യൂണറല്‍ ഹൗസില്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ നടപടിക്രമങ്ങള്‍ക്കും പോലീസ് റിപ്പോര്‍ട്ടിനുമായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. വിഷയത്തില്‍ കെനിയന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഷെരീഫിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഉടനടി സുതാര്യമായ അന്വേഷണം നടത്തണമെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

Latest News