പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി. കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. പുതിയ തീരുമാനപ്രകാരം 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017 ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22 ന് മന്ത്രിസഭായോഗം പരിഗണിച്ച് ഇന്നലെയാണ് ഉത്തരവിറക്കിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിക്കും. നേരത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു.