രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച സൂചനകൾ മുന്നോട്ട് വച്ചത് അറ്റോർണി ജനറൽ എം. വെങ്കിട്ടരമണി ആണ്. ചില ക്രിമിനൽ നിയമങ്ങളിൽ സർക്കാർ പുനഃപരിശോധന നടത്തിവരികയാണ്. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ചിലത് സംഭവിക്കുമെന്നും വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.
രാജദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. അറ്റോർണി ജനറലിന്റെ ആവശ്യം പരിഗണിച്ച് ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.
124 എ വകുപ്പ് പുനഃപരിശോധിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നേരത്തെ അനുമതി നൽകിയിരുന്നു. പുനഃപരിശോധന പൂർത്തിയാകുന്നതുവരെ സംസ്ഥാന സർക്കാരുകളോട് രാജ്യദ്രോഹക്കുറ്റം പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് നിർദേശിക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.