തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഇന്ന് അഞ്ച് മണിക്കൂർ നിർത്തിവയ്ക്കും. വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് മണി വരെയാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിലയ്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് ഇത്.
1932 -ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ എല്ലാ വർഷവും ആറാട്ട് ഘോഷയാത്രയുടെ സമയത്ത് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണ് പതിവ്. വർഷത്തിൽ രണ്ട് തവണ ഇത്തരത്തിൽ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടത്തുന്നു. ഇതിൻറെ ഭാഗമായിട്ടാണ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ അഞ്ച് മണിക്കൂർ നേരത്തെയ്ക്ക് നിർത്തിവച്ചിരിക്കുന്നത്. എന്നാൽ വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളിൽ നിന്ന് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിനകത്തു കൂടി ശംഖുമുഖത്തേയ്ക്കാണ് ആറാട്ടു ഘോഷയാത്ര കടന്നു പോകുന്നത്. ക്ഷേത്ര സ്ഥാനി മൂലം തിരുന്നാൾ രാമവർമ ഉടവാളുമേന്തി ആറാട്ട് ഘോഷയാത്രയെ അനുഗമിക്കും.