Thursday, October 10, 2024

കേരളശ്രീ പുരസ്കാരം നിഷേധിച്ച് കാനായി കുഞ്ഞിരാമൻ

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്കാരങ്ങളിൽ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന നിലപാടുമായി പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ. താൻ നിർമ്മിച്ച ശിൽപങ്ങൾ വികൃതമായി കിടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻറെ പ്രതികരണം.

‘തൻറെ മൂന്നു മക്കൾ പീഡിപ്പിക്കപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥയാണ് താൻ അനുഭവിക്കുന്നത്. ഈ വേദന ഉള്ളിടത്തോളം കാലം പുരസ്‌കാരം സ്വീകരിക്കുകയില്ല’- അദേഹം പറഞ്ഞു. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിൽ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില‍പങ്ങൾ അനാഥമായിക്കിടക്കുകയാണ്. ശംഖുമുഖത്തെ മത്സ്യകന്യക ശിൽപത്തിന്റെ കാഴ്ചമറക്കും വിധം ഹെലിപാഡ് വന്നതും പയ്യാമ്പലത്ത് അമ്മയും കുട്ടിയും എന്ന ലാൻഡ് ആർട്ടിന് മുൻപിൽ ടവർ നിർമ്മിച്ചത് ഉൾപ്പടെയുളള കാര്യങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി.

തൻറെ നിർമ്മിതികൾ സംരക്ഷിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചതിന് ശേഷം പുരസ്കാരം സ്വീകരിക്കാം എന്നാണ് അദ്ദേഹത്തിൻറെ നിലപാട്. കാനായി കുഞ്ഞിരാമന് പുറമെ ഡോ. സത്യഭാമാ ദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവരും കേരള ശ്രീ പുരസ്‍ക്കാരത്തിന് അർഹരായി.

സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് എംടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരത്തിനു അർഹനായി. ഓംചേരി എൻ എൻ പിള്ള, മമ്മൂട്ടി, ടി മാധവമേനോൻ എന്നിവർ കേരള പ്രഭാ പുരസ്കാരത്തിനും അർഹരായി. അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

Latest News