മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി ബിഷപ് അലക്സ് താരാമംഗലം അഭിഷിക്തനായി. ദ്വാരക പാസ്റ്ററൽ സെന്ററിൽ രാവിലെ 9 മണിയോടെ ആരംഭിച്ച മെത്രാഭിഷേക ചടങ്ങിൽ തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് മോൺസിഞ്ഞോർ അലക്സ് താരാമാംഗലം മെത്രാൻപട്ടം സ്വീകരിച്ചു. മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം, തമിഴ്നാട് – ഹൊസൂർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ പോഴോലിപ്പറമ്പിൽ എന്നിവർ സഹകാർമികരായിരുന്ന മെത്രാഭിഷേകശുശ്രൂഷയിൽ രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ആർച്ചുഡീക്കനായിരുന്നു. സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വചനസന്ദേശം നൽകി. കത്തോലിക്കാപൗരോഹിത്യം തന്റെതന്നെ ആത്മരക്ഷക്കു മാത്രമുള്ളതല്ലെന്നും പൊതുസമൂഹത്തിന്റെ മുഴുവൻ ആത്മീയശുശ്രൂഷക്കുവേണ്ടിയുള്ള ദൈവികദൗത്യമാണെന്നും വചനസന്ദേശത്തിൽ കാതോലിക്കാബാവ ഓർമ്മിപ്പിച്ചു. മാനന്തവാടി രൂപത ചാൻസലർ റവ. ഫാ. അനൂപ് കാളിയാനിയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോസ് മാത്യു പുഞ്ചയിൽ എന്നിവർ സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് അലക്സ് പിതാവിന് നല്കിയ നിയമനപത്രം വായിച്ചു.
മെത്രാഭിഷേകത്തെ തുടർന്നുള്ള അനുമോദന സമ്മേളനത്തിൽ സീറോ മലബാർ സഭ കാര്യാലയം വൈസ് ചാൻസലർ ഫാ. അബ്രാഹം കാവിൽപുരയിടത്തിൽ, മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ ജോർജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിച്ചു. കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വൈദിക പ്രതിനിധി റവ. ഫാ. ജോസഫ് മുതിരക്കാലായിൽ, സന്യസ്തരുടെ പ്രതിനിധി റവ. ഫാ. ലിൻസൺ ചെങ്ങിനിയത്ത് CST, പാസ്റ്ററൽ കൗൺസിൽ അംഗം ശ്രീമതി ലിസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വയനാട് എംപി ശ്രീ രാഹുൽ ഗാന്ധിയുടെ അനുമോദനസന്ദേശം വേദിയിൽ വായിച്ചു. തുടർന്ന് ബിഷപ് മാർ അലക്സ് താരാമംഗലം നടത്തിയ മറുപടി പ്രസംഗത്തിൽ ഏവർക്കും നന്ദി രേഖപ്പെടുത്തി.
മെത്രാഭിഷേക തിരുകർമ്മങ്ങളിലും അനുമോദനസമ്മേളനത്തിലും കേരളത്തിലും കേരളത്തിന് വെളിയിലുമുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും, മാനന്തവാടി-തലശേരി രൂപതകളിലെ വൈദികരും, ബ്രദേഴ്സും, സിസ്റ്റേഴ്സും, അല്മായരും, MLA മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ധിഖ്, വയനാട് ജില്ലാ കളക്ടർ എ.ഗീത ഐഎഎസ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കൾ, മറ്റ് ജനപ്രതിനിധികൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ധാരാളം ആളുകൾ എന്നിവർ പങ്കെടുത്തു. അനുമോദന സമ്മേളനത്തിന് റവ. ഫാ. തോമസ് മണക്കുന്നേൽ നന്ദി പ്രകാശിപ്പിച്ചു.