ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നവംബർ മൂന്നിന് കേന്ദ്ര അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകണമെന്ന് അവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ സ്വന്തം തീരുമാനത്തിൽ ഖനന അനുമതി നേടിയെടുത്തെന്നതാണ് സോറന് നേരെയുള്ള ആരോപണം. റാഞ്ചിയിലെ അങ്കാര ബ്ലോക്കിൽ പാറ ഖനനം നടത്താൻ ഹേമന്ത് സോറൻറെ പേരിൽ ജില്ലാ ഭരണകൂടം 2021 ജൂണിൽ ലൈസൻസ് അനുവദിച്ചിരുന്നു. അന്ന് ഖനന വകുപ്പിൻറെ ചുമതലയും സോറനായിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ 9A യുടെ ലംഘനമാണ് നടന്നതെന്നും അതിനാൽ ഹേമന്ത് സോറൻറെ നിയമസഭാംഗത്വം റദ്ദാക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ഇതിനെത്തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
അതേസമയം മുഖ്യമന്ത്രിയുടെ സഹായിയും ബർഹൈത്തിൽ നിന്നുള്ള എംഎൽഎയുമായ പങ്കജ് മിശ്രയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മിശ്രയുമായും അദ്ദേഹത്തിൻറെ ബിസിനസ് പങ്കാളികളുമായി ബന്ധമുള്ള ജാർഖണ്ഡിലെ 18 പ്രദേശങ്ങളിൽ ജൂൺ എട്ടിന് അന്വേഷണ ഏജൻസി പരിശോധന നടത്തിയിരുന്നു. എന്നാൽ മിശ്രക്കും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസെടുത്തതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്.