ന്യൂനപക്ഷ മതവിഭാഗങ്ങളെ സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നിർണയിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന ആവശ്യത്തിൽ കേരളം ഉൾപ്പെടെ ഒരു ഡസണിൽ അധികം സംസ്ഥാനങ്ങൾ നിലപാട് അറിയിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളോട് ഉടൻ നിലപാട് അറിയിക്കാൻ നിർദേശിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.
2004-ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമത്തിലെയും 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിലെയും വകുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി നേരത്തെ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കണമെന്നാണ് 2004-ലെ നിയമത്തിലെ വകുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിഷയമായതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ നിലപാട് ആരാഞ്ഞതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പടെ 19 സർക്കാരുകൾ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിൽ കേരളവും ഉൾപ്പെടും.